
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ എംപി. കണ്ണൂരിൽ താൻ മത്സരിക്കണമോയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ഇതുവരെ അക്കാര്യം പാര്‍ട്ടി ചോദിച്ചിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു. കണ്ണൂരിൽ മത്സരിക്കുമോയെന്ന് പാര്‍ട്ടി ചോദിക്കുമെന്നാണ് കരുതുന്നത്. അത്തരത്തിലൊരു ചോദ്യം ഉണ്ടായാൽ അപ്പോള്‍ നിലപാട് പറയുമെന്നും ചോദിക്കാതെ താൽപര്യം അറിയിക്കില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനെയും കെ സുധാകരൻ വിമര്‍ശിച്ചു.ആദ്യമായാണ് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു നേതാവ് വർഗീയതയുടെ വക്താവ് ആയി മാറിയതെന്നായിരുന്നു പ്രതികരണം. അതിവേഗ റെയിൽ പദ്ധതിയെ എതിർക്കുമെന്നും ജനങ്ങൾക്ക് ആവശ്യമില്ലാത്ത പദ്ധതി വേണ്ടെന്നും കെ സുധാകരൻ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വവുമായി ശശി തരൂര്‍ അതൃപ്തിയിലാണെന്ന റിപ്പോര്‍ട്ടുകളോടും കെ സുധാകരൻ പ്രതികരിച്ചു. ശശി തരൂരിനോട് സംസാരിക്കാൻ താൻ ശ്രമിച്ചിരുന്നുവെന്നും സംസാരിക്കാത്ത കാലത്തോളം അതിനെക്കുറിച്ച് പറയാൻ തനിക്ക് കഴിയില്ലെന്നുമായിരുന്നു പ്രതികരണം.
നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാര്‍ മത്സരിക്കണോയെന്ന കാര്യത്തിൽ കോണ്‍ഗ്രസിൽ അന്തിമ ധാരണയായിട്ടില്ല. കെ സുധാകരനടക്കം ഇളവ് നൽകുന്നതും നേതൃത്വത്തിന്‍റെ പരിഗണനയിലാണ്. കണ്ണൂരിൽ മത്സരിക്കുമെന്ന് നേരത്തെ കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. മറ്റു കോണ്‍ഗ്രസ് നേതാക്കളും കണ്ണൂര്‍ സീറ്റ് ഉന്നമിടുന്നുണ്ട്. എംപി സ്ഥാനം ഒഴിവാക്കി എംഎൽഎ ആകണമെന്നും മന്ത്രിയാകണമെന്നുമുള്ള ആഗ്രഹം കെ സുധാകരൻ ഇതിനോടകം പല നേതാക്കളോടും പറഞ്ഞിട്ടുണ്ടെന്നാണ് വിവരം. കെ സുധാകരന് മാത്രം നിയമസഭയിലേക്ക് മത്സരിക്കാൻ ഹൈക്കമാന്റിന്‍റെ അനുമതി ഉണ്ടെന്നാണ് അദ്ദേഹത്തിന്‍റെ അനുയായികൾ പ്രചരിപ്പിക്കുന്നത്. കെ സുധാകരന് മാത്രം ഇളവ് നൽകിയാൽ നാലഞ്ച് എംപിമാർ കൂടി നിയമസഭയിലേക്ക് ഇറങ്ങാൻ തയ്യാറായി നിൽക്കുന്നതിനാൽ കെപിസിസി നേതൃത്വം അനുകൂലമല്ല.
മുൻ മേയർ ടിഒ മോഹനൻ, കോർപ്പറേഷൻ കൗൺസിലർ റിജിൽ ചന്ദ്രൻ മാക്കുറ്റി, കെപിസിസി അംഗം അമൃത രാമകൃഷ്ണൻ, കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് എന്നിവരാണ് കണ്ണൂരിൽ കണ്ണുവെച്ചിട്ടുള്ളത്. കോർപ്പറേഷനിൽ തുടർഭരണം കിട്ടിയതിന്‍റെ ക്രെഡിറ്റ് കൂടി ടി ഓ മോഹനന്റെ അവകാശത്തിന് ശക്തിപകരും. ആദി കടലായി ഡിവിഷനിലെ മിന്നുന്ന വിജയമാണ് റിജിൽ മാക്കുറ്റിക്ക് മാറ്റ് കൂട്ടുന്നത്. 91ൽ കണ്ണൂർ മണ്ഡലത്തിൽ നിന്ന് ജയിച്ച് മന്ത്രിയായ എൻ രാമകൃഷ്ണന്‍റെ മകൾ അമൃതാ രാമകൃഷ്ണൻ മുൻ കൗൺസിലർ കൂടിയാണ്.
കെഎസ്‌യു ഉപാധ്യക്ഷൻ ആണെങ്കിലും കണ്ണൂർ മണ്ഡലം കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ഇടപെടലാണ് മുഹമ്മദ് ഷമ്മാസും നടത്തിവരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കാൽ ലക്ഷത്തിലധികം ഭൂരിപക്ഷവും തദ്ദേശ തെരഞ്ഞെടുപ്പിൽ 15000 അടുത്ത് ലീഡും കണ്ണൂർ മണ്ഡലത്തിൽ യുഡിഎഫിന് ഉണ്ട്. എതിർപക്ഷത്ത് ഈ കുറിയും രാമചന്ദ്രൻ കടന്നപ്പള്ളി തന്നെയാകാനാണ് സാധ്യത. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2000 വോട്ടിന് താഴെയുള്ള നേരിയ ഭൂരിപക്ഷത്തിലാണ് കണ്ണൂർ മണ്ഡലം യുഡിഎഫിന് നഷ്ടമായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam