P C George : ജോര്‍ജിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത് അര്‍ധമനസോടെയെന്ന് കെ സുധാകരന്‍

Published : May 01, 2022, 02:31 PM ISTUpdated : May 01, 2022, 02:36 PM IST
P C George : ജോര്‍ജിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത് അര്‍ധമനസോടെയെന്ന് കെ സുധാകരന്‍

Synopsis

പിണറായി വിജയന്റെയും ആര്‍എസ്എസിന്റെയും കണ്ണിലുണ്ണിയാകാനാണ് പി സി ജോര്‍ജ് കുറെക്കാലമായി ശ്രമിക്കുന്നത്. അറസ്റ്റിലായ ജോര്‍ജിനെ അഭിവാദ്യം ചെയ്യാന്‍ ബിജെപി നേതാക്കളും അണികളും കൂട്ടത്തോടെ ഇറങ്ങിയെന്നും സുധാകരന്‍ പറഞ്ഞു.

തിരുവനന്തപുരം: ഏറെ നാളായി വിദ്വേഷ പ്രസംഗം നടത്തുന്ന പി സി ജോര്‍ജിനെതിരെ (P C George) മുഖ്യമന്ത്രി പിണറായി വിജയന്‍ അര്‍ധമനസോടെയാണ് നടപടി സ്വീകരിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ (K Sudhakaran). 29 ന് നടന്ന വിദ്വേഷ പ്രസംഗത്തില്‍ കേസെടുത്തത് മൂന്ന് ദിവസം കഴിഞ്ഞ് മാത്രമാണെന്ന് കെ സുധാകരന്‍ വിമര്‍ശിച്ചു. 

കോടതിയില്‍ നിന്ന് തിരിച്ചടി കിട്ടുമോ എന്ന ഭയത്താല്‍ ജോര്‍ജിനെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ബിജെപിയെ പിണക്കാതിരിക്കാനുള്ള എല്ലാ കരുതലും സ്വീകരിച്ചുകൊണ്ടാണ് ജോര്‍ജിനെ സ്വന്തം വാഹനത്തില്‍ പൊലീസ് സംരക്ഷണത്തോടെ ഈരാറ്റുപേട്ടയില്‍ നിന്ന് തിരുവവന്തപുരത്തേക്ക് കൊണ്ടുവന്നത്. പിണറായി വിജയന്റെയും ആര്‍എസ്എസിന്റെയും കണ്ണിലുണ്ണിയാകാനാണ് പി സി ജോര്‍ജ് കുറെക്കാലമായി ശ്രമിക്കുന്നത്. അറസ്റ്റിലായ ജോര്‍ജിനെ അഭിവാദ്യം ചെയ്യാന്‍ ബിജെപി നേതാക്കളും അണികളും കൂട്ടത്തോടെ ഇറങ്ങിയെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത പി  സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം ലഭിച്ചു. മതവിദ്വേഷ പരാമർശങ്ങൾ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. പി സി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ്  കേസില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. പുലർച്ചെ ഇരാറ്റുപേട്ടയിലെ വീട്ടിലെത്തിയ തിരുവനന്തപുരം ഫോർട്ട് പൊലീസ് പി സി ജോർജ്ജിനെ കസ്റ്റഡിയിലെടുത്ത ശേഷം തിരുവനന്തപുരം എആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

വെള്ളിയാഴ്ച അനന്തപുരി ഹിന്ദുമഹാ സമ്മേളത്തിലെ വിദ്വേഷ പ്രസംഗത്തിലാണ്  മുൻ എംഎൽഎ പി സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തരേന്ത്യയിലെ ചില തീവ്ര നിലപാടുള്ള നേതാക്കളെ പോലും കടത്തിവെട്ടും വിധത്തിലുള്ള ജോർജിന്‍റെ പ്രസംഗം വൻ വിവാദത്തിലായിരുന്നു. ജോർജിന്‍റെ പ്രസംഗത്തിലെ പരമാർശങ്ങൾക്കെതിരെ യൂത്ത് ലീഗും ഡിവൈഎഫ്ഐയും പൊലീസിൽ പരാതി നൽകി. ഇന്നലെ രാത്രി ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്‍റെ തുടർച്ചയായിരുന്നു അതിരാവിലെയുള്ള അപ്രതീക്ഷിത പൊലീസ് നീക്കം. മുൻകൂർ ജാമ്യത്തിനുള്ള അവസരം നൽകാതെ അതിവേഗം അറസ്റ്റിലേക്ക് നീങ്ങാൻ സർക്കാരില്‍ നിന്നും പൊലീസിന് നിർദ്ദേശമുണ്ടായിരുന്നു. ജോർജിനെ സ്വന്തം വാഹനത്തിൽ വരാൻ പൊലീസ് അനുവദിച്ചു. ഒപ്പം വൻ പൊലീസ് സംഘവുമുണ്ടായിരുന്നു. പത്ത് മണി കഴിഞ്ഞതോടെ ജോർജിനെ എആ‌ർ ക്യാമ്പിലെത്തിച്ചു. പ്രാഥമികമായ ചോദ്യം ചെയ്യലിന് ശഷം അറസ്റ്റ് രേഖപ്പെടുത്തി. 153 എ, 295 എ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. വിദ്വേഷം പരത്തുന്ന വാക്കുകൾ ഉപയോഗിച്ച് സാമൂഹിക ഐക്യം തകർക്കാനും  മനപ്പൂ‍ർവ്വം സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചതിനുമാണ് 153 എ വകുപ്പ് ചുമത്തൽ. വാക്കും പ്രവൃത്തിയും കൊണ്ട് ഒരു മതത്തെയോ മതവികാരത്തെയു വ്രണപ്പെടുത്തിയതിനാണ് സെക്ഷൻ 295 എ യും ചുമത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി