വ്യാജ സർട്ടിഫിക്കറ്റ് ആരോപണം; 'അൻസിൽ ജലീലിന്റെ കാല് പിടിച്ച് സിപിഎം മാപ്പ് പറയണം': കെ സുധാകരൻ

Published : Jan 06, 2024, 01:42 PM IST
വ്യാജ സർട്ടിഫിക്കറ്റ് ആരോപണം; 'അൻസിൽ ജലീലിന്റെ കാല് പിടിച്ച് സിപിഎം മാപ്പ് പറയണം': കെ സുധാകരൻ

Synopsis

സിപിഎമ്മും പാര്‍ട്ടി പത്രവും നടത്തുന്ന നെറികെട്ട രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഇരയാണ് അന്‍സല്‍ ജലീലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. 

തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് ആരോപണം ഉയര്‍ത്തിയ സിപിഎം കെഎസ്‌യു സംസ്ഥാന കണ്‍വീനര്‍ അൻസൽ ജലീലിന്റെ കാല് പിടിച്ച് മാപ്പ് പറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. സിപിഎമ്മും പാര്‍ട്ടി പത്രവും നടത്തുന്ന നെറികെട്ട രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഇരയാണ് അന്‍സല്‍ ജലീലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. 

നെറികേടുകളുടെ കോട്ടകെട്ടി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും മറ്റു നേതാക്കളെയും വേട്ടയാടിയതിന് സമാനമാണ് അന്‍സല്‍ ജസീലിനെതിരേ സിപിഎം  നടത്തിയ വ്യാജാരോപണങ്ങള്‍. പിണറായി വിജയന്റെ പൊലീസ് അന്വേഷിച്ചിട്ടുപോലും കേസ് ദേശാഭിമാനി സൃഷ്ടിച്ച വ്യാജവാര്‍ത്തയുടെ അടിസ്ഥാനത്തില്‍  കെട്ടിച്ചമച്ചതാണെന്നു തെളിഞ്ഞു. നാണവും മാനവും അല്പമെങ്കിലുമുണ്ടെങ്കില്‍ സിപിഎം ആ ചെറുപ്പക്കാരന്റെ കാലുപിടിച്ച് ക്ഷമപറയുകയും  നഷ്ടപരിഹാരം നല്കുകയും വേണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. 

കേരളവര്‍മ കോളജില്‍ ഇലക്ഷന്‍ ജയിച്ച അന്ധവിദ്യാര്‍ത്ഥി ശ്രീക്കുട്ടനെ അട്ടിമറിച്ച എസ്എഫ്‌ഐക്ക്  പാവപ്പെട്ട കുടുംബത്തിലെ അന്‍സില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ആത്മാഭിമാനത്തോടെ തുച്ഛമായ ശമ്പളത്തിനു ജോലി ചെയ്യുന്നതു സഹിക്കാനായില്ല. അന്‍സിലിനതിരേ  പാര്‍ട്ടിപത്രം വ്യാജവാര്‍ത്ത സൃഷ്ടിക്കുകയും പാര്‍ട്ടിയും എസ്എഫ്‌ഐയും അതേറ്റെടുത്ത് വലിയ കുപ്രചാരണം നടത്തുകയും ചെയ്തു. അതേസമയം വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസില്‍ കെ വിദ്യ, നിഖില്‍ തോമസ് തുടങ്ങിയ നിരവധി  എസ്എഫ്‌ഐ നേതാക്കള്‍ കുടുങ്ങിക്കിടക്കുന്നു. പിണറായി വിജയന്റെ കീഴില്‍ പാര്‍ട്ടിക്കും പോഷകസംഘടനകള്‍ക്കുമൊക്കെ ഉണ്ടായ കാതലായ മാറ്റമാണിതെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.  

എസ്എഫ് ഐ നേതാക്കളുടെ  വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം  വെള്ളപൂശാനും അതിലെ പ്രതികള്‍ക്ക് സംരക്ഷണം ഒരുക്കാനും  സിപിഎമ്മും ദേശാഭിമാനിയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് അന്‍സില്‍ ജലീലിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം. വ്യാജ ആരോപണം ഉന്നയിക്കുകയും അത് അച്ചടിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്ത പാര്‍ട്ടി പത്രത്തിനെതിരെയും അത് ആസൂത്രണം ചെയ്ത സിപിഎമ്മിനെതിരെയും ക്രിമിനല്‍ ഗൂഢാലോചന പ്രകാരം കേസെടുക്കണം. 

മാധ്യമപ്രവര്‍ത്തനത്തെ കുറിച്ച് രോഷംകൊള്ളുന്ന സിപിഎം സിംഹങ്ങള്‍ക്ക് സ്വന്തം പാര്‍ട്ടിയുടെ ലജ്ജാകരമായ പത്രപ്രവര്‍ത്തനത്തെ അപലപിക്കാനോ തള്ളിപ്പറയാനോ സാധിക്കുന്നില്ല. പാര്‍ട്ടിയുടെ  പച്ചക്കള്ളം മാത്രം പടച്ചുവിടുന്ന ജിഹ്വയാണ് ദേശാഭിമാനി. പ്രാഥമികമായ വസ്തുതാ പരിശോധനപോലും നടത്താതെ അന്‍സില്‍ ജലീലിനെതിരെ ഉന്നയിച്ച ആരോപണം സിപിഎം ഏറ്റുപിടിച്ചത് കോണ്‍ഗ്രസിനെയും അതിലെ യുവനിരയെയും നശിപ്പിക്കുകയെന്ന വ്യക്തമായ ഉദ്ദേശ്യത്തോടെയാണെന്നും സുധാകരന്‍ പറഞ്ഞു. സിപിഎമ്മിന്റെ വ്യാജപ്രചാരണ കൊടുങ്കാറ്റിനെ ധീരതയോടെ നേരിട്ട അന്‍സില്‍ ജലീലിനെ അഭിനന്ദിക്കുന്നു. വ്യാജവാര്‍ത്തയ്‌ക്കെതിരേയുള്ള അദ്ദേഹത്തിന്റെ നിയമപോരാട്ടത്തിനും മറ്റു നടപടികള്‍ക്കും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും സുധാകരന്‍ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്
5 ദിവസത്തേക്ക് മാത്രമായി ബിഎസ്എൻഎല്ലിന്‍റെ താത്കാലിക ടവർ, മൈക്രോവേവ് സംവിധാനത്തിൽ നെറ്റ്‍വർക്ക്; ഭക്തർക്ക് ആശ്വാസം