
തിരുവനന്തപുരം: സിപിഎം ആറ് തവണയെങ്കിലും തന്നെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഓരോ തവണയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇത് സംബന്ധിച്ച കേസുകളിലെ സാക്ഷികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് മൂലം ഒറ്റ കേസിലും പ്രതികളെ ശിക്ഷിച്ചില്ല. തന്നെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയവര്‍ ഇന്ന് പാര്‍ട്ടിയിലും സര്‍ക്കാരിലും ഉന്നതസ്ഥാനങ്ങളിലിരുന്ന് ഇപ്പോഴും ഗൂഢാലോചന തുടരുന്നുവെന്നും കെ സുധാകരൻ ആരോപിച്ചു.
പയ്യന്നൂര്‍, താഴെ ചൊവ്വ, മേലെ ചൊവ്വ, മട്ടന്നൂര്‍, പേരാവൂര്‍, കൂത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്നത് നേരിട്ടുള്ള വധശ്രമങ്ങളായിരുന്നു. നിരവധി വധശ്രമങ്ങള്‍ താന്‍ അറിയാതെ നടന്നിട്ടുണ്ട്. പോയ വഴിയെ തിരിച്ചുവരാതിരുന്നും കാറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റിയും കാര്‍ മാറിക്കയറിയുമൊക്കെയാണ് രക്ഷപ്പെത്. 1992ല്‍ താന്‍ ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമാണ് വധശ്രമ പരമ്പരകള്‍ ഉണ്ടായത്. സഹപ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലും സിപിഎമ്മിലെ ചിലരുടെ രഹസ്യ സഹായവും ദൈവാനുഗ്രഹവും സഹായിച്ചിട്ടുണ്ടെന്ന് സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഇപ്പോള്‍ തനിക്കെതിരേ മൊഴി നല്‍കിയ പ്രശാന്ത് ബാബു കണ്ണൂരില്‍ നിന്ന് സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ കൂത്തുപറമ്പില്‍ വീടുവാങ്ങി അവിടേക്ക് താമസം മാറ്റിയപ്പോള്‍ ഗൃഹപ്രവേശനത്തിന് തന്നെ നിര്‍ബന്ധപൂര്‍വം വിളിച്ചിരുന്നു. പോകാനിറങ്ങിയപ്പോള്‍ ഒരു സിപിഎമ്മുകാരന്‍ തന്റെ പിഎയെ വിളിച്ച് വരരുതെന്ന് കട്ടായം വിലക്കി. തുടര്‍ന്ന് നിജസ്ഥിതി അറിയാന്‍ താന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ അയയ്ക്കുകയും അയാള്‍ സൈക്കില്‍ പോയി നോക്കിയപ്പോള്‍, വഴിമധ്യേയുള്ള ക്വാറിയില്‍ ഒരുപറ്റം സിപിഎമ്മുകാര്‍ ആയുധങ്ങളുമായി കാത്തിരിക്കുന്നതാണ് കണ്ടത്. പിഎ തൊട്ടടുത്തുള്ള വീട്ടില്‍ കയറി തന്നെ ഫോണ്‍ ചെയ്തതുകൊണ്ടാണ് അന്ന് പോകാതിരുന്നതെന്ന് സുധാകരന്‍ പറഞ്ഞു.
പേരാവൂര്‍ വെള്ളാര്‍ പള്ളിക്കടുത്തു വച്ച് തന്റെ അംബാസിഡര്‍ കാറിന് ബോംബെറിഞ്ഞുവെന്നും സുധാകരന്‍ ആരോപിക്കുന്നു. കാറിന്റെ പിറകിലെ ഗ്ലാസ് തകര്‍ത്ത് ബോംബ് പൊട്ടിത്തെറിച്ചപ്പോള്‍ തന്റെ തൊട്ടടുത്തുണ്ടായിരുന്ന സ്യൂട്ട് കേസാണ് കവചമായി മാറിയത്. കാര്‍ തകര്‍ന്നുപോകുയും കൂടെയുണ്ടായിരുന്നവര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. താഴെചൊവ്വയില്‍ വച്ച് കാറിലുണ്ടായിരുന്ന മൂത്ത സഹോദരനെ ആള്‍മാറിയാണ് ബോംബെറിഞ്ഞത്. താനുമായി സാമ്യമുള്ള പട്ടാളക്കാരനായ ജേഷ്ഠസഹോദരന്‍ അവധിക്ക് വന്നപ്പോള്‍ വീട്ടിലെ കുരുമുളകും അടയ്ക്കയും മറ്റും വില്ക്കാന്‍ തന്റെ കാറില്‍ പോകുകയായിരുന്നു. സിപിഎം സംഘം ഡ്രൈവറുടെ കൈവെട്ടിയ ശേഷമാണ് ബോംബെറിഞ്ഞത്. തലകുത്തി മറിഞ്ഞ കാറിന്റെ ചില്ലുപൊട്ടിച്ച് ജേഷ്ഠന്‍ ബോംബെറിഞ്ഞതിനെ തുടര്‍ന്നുണ്ടായ പുകപടലത്തിലൂടെ നിലത്തിഴഞ്ഞ് രക്ഷപ്പെട്ടുവെന്നും കെ സുധാകരന്‍ പറയുന്നു.
സിപിഎമ്മുകാര്‍ രക്തസാക്ഷിയായി കൊണ്ടാടുന്ന നാല്പാടി വാസുവിന്റെ മരണം തനിക്കെതിരേ നടന്ന ബോംബാക്രമണത്തെ തുടര്‍ന്നാണ്. കണ്ണൂരിലെ അക്രമപരമ്പരകള്‍ക്കെതിരേ താന്‍ സമാധാന സന്ദേശയാത്ര നടത്തിയപ്പോള്‍ മട്ടന്നൂര്‍ അയ്യല്ലൂരില്‍ വച്ച് കല്ലേറ് ഉണ്ടായി. താന്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ല് അടിച്ചുതകര്‍ത്ത് തന്നെ കൊല്ലുമെന്ന് ഉറപ്പായപ്പോഴാണ് അക്രമസക്തമായ സിപിഎം സംഘത്തിന് നേരേ ഗണ്‍മാന്‍ വെടിവച്ചത്. നാല്പാടി വാസു അന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനൊന്നുമല്ല. ചായ കുടിക്കാന്‍ പീടികയിലെത്തിയ വാസു ബഹളം കേട്ട് ഒരു മരത്തിന്റെ ഇലകള്‍ക്ക് മറഞ്ഞ് നിന്നപ്പോഴാണ് വെടിയേറ്റത്.
സിപിഎമ്മിന്റെ ആക്രമണത്തില്‍ പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കാണാന്‍ പയ്യന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയപ്പോഴാണ് മറ്റൊരു ആക്രമണം ഉണ്ടായത്. അന്ന് ഗണ്‍മാന്‍ ആകാശത്തേക്ക് വെടിവച്ചതുകൊണ്ടുമാത്രം താന്‍ രക്ഷപ്പെട്ടു. ഹൈക്കോടതി നിര്‍ദേശ പ്രകാരം അന്ന് പൊലീസ് സംരക്ഷണം ഉണ്ടായിരുന്ന ഏക എംഎല്‍എ താനായിരുന്നെന്ന് സുധാകരന്‍ അനുസ്മരിച്ചു. ഡിസിസി ഓഫീസീല്‍ നിന്ന് രാത്രി വൈകിയിറങ്ങുന്ന താന്‍ ഒരു ദിവസം രാത്രി പത്തരയോടെ ഇറങ്ങുമ്പോഴാണ് താഴെചൊവ്വയില്‍ സിപിഎം കൊലയാളികള്‍ കാത്തിരിക്കുന്ന വിവരം ഒരാള്‍ വിളിച്ചുപറഞ്ഞത്. കാറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റി ആ പ്രദേശത്തുകൂടി കടന്നുപോയപ്പോള്‍ ബോംബുമായി കാത്തിരിക്കുന്ന കൊലയാളി സംഘത്തെ താന്‍ കണ്ടെന്നും സുധാകരന്‍ പറയുന്നു.
സിപിഎം തയാറാക്കിയ നിരവധി വധശ്രമങ്ങള്‍ പല കാരണങ്ങളാല്‍ നടക്കാതെപോയതിനെക്കുറിച്ച് പിന്നീട് താന്‍ കേട്ടിട്ടുണ്ട്. സിപിഎം എത്ര ശ്രമിച്ചാലും തന്നെ കൊല്ലാനാകില്ല. ദൈവം വിച്ചാരിച്ചാലേ അതു നടക്കൂ എന്ന് ദൈവവിശ്വാസിയായ താന്‍ വിശ്വസിക്കുന്നു. ജീവന്‍ കൊടുക്കാന്‍ തയാറായി തന്നെ സംരക്ഷിക്കുന്ന പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി താന്‍ ജീവന്‍ കൊടുത്തും പോരാടുമെന്ന് കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam