മഞ്ചേശ്വരത്തോ കോന്നിയിലോ മത്സരിക്കണമെന്ന പാര്‍ട്ടി നിര്‍ദേശം തള്ളി കെ.സുരേന്ദ്രന്‍

By Web TeamFirst Published Sep 26, 2019, 3:38 PM IST
Highlights

ഉപതെര‍ഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സുരേന്ദ്രന്‍ സംസ്ഥാന സമിതി യോഗം തീരും മുന്‍പേ മടങ്ങി. 


കൊച്ചി: ഉപതെരഞ്ഞെടുപ്പില്‍ കോന്നിയിലോ മഞ്ചേശ്വരത്തോ കെ.സുരേന്ദ്രന്‍ മത്സരിക്കണമെന്ന് ബിജെപി സംസ്ഥാന സമിതിയോഗത്തില്‍ ആവശ്യം. സംസ്ഥാനസമിതിയുടെ പൊതുവികാരമായാണ് ഈ ആവശ്യം ഉയര്‍ന്നതെങ്കിലും  ഉപതെര‍ഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സുരേന്ദ്രന്‍ സംസ്ഥാന സമിതി യോഗം തീരും മുന്‍പേ മടങ്ങി. 

കഴിഞ്ഞ നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ മഞ്ചേശ്വരത്ത്  പരാജയപ്പെട്ടത്. ഇക്കഴിഞ്ഞ ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍  പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമായ കോന്നിയില്‍ 28,000 ത്തോളം വോട്ടുകള്‍ സമാഹരിക്കാനും സുരേന്ദ്രനായി. 

ഈ സാഹചര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന അ‌ഞ്ച് ഉപതെരഞ്ഞെടുപ്പുകളില്‍ ഏതേലും ഒരു സീറ്റില്‍ സംസ്ഥാനമാകെ അറിയപ്പെടുന്ന സുരേന്ദ്രനെ പോലോരും നേതാവ് മത്സരിച്ചാല്‍ നല്ലതാവും എന്നും എല്ലാ മണ്ഡലങ്ങളിലും സുരേന്ദ്രന്‍ സാന്നിധ്യം ആവേശം സൃഷ്ടിക്കുമെന്നും അദ്ദേഹം മത്സരിക്കണം എന്ന് ആവശ്യപ്പെട്ടവര്‍ സംസ്ഥാന സമിതിയില്‍ ചൂണ്ടിക്കാട്ടി. 

എന്നാല്‍ മത്സരിക്കണമെന്ന ആവശ്യത്തെ സംസ്ഥാന സമിതി യോഗത്തില്‍ വച്ചുതന്നെ സുരേന്ദ്രന്‍ തള്ളി. കോന്നിയിലോ മഞ്ചേശ്വരത്തോ അല്ല ഈ ഉപതെരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലും മത്സരിക്കാന്‍ താനില്ലെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. 

സുരേന്ദ്രനെ കൂടാതെ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കണമെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനോടും സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹവും വിമുഖത അറിയിച്ചു. മത്സരിക്കാനില്ലെന്ന് സുരേന്ദ്രനും കുമ്മനവും പരസ്യമായും പാര്‍ട്ടി വേദിയിലും പറയുന്നുണ്ടെങ്കിലും ആര്‍എസ്എസോ കേന്ദ്ര നേതൃത്വമോ മറിച്ചൊരു തീരുമാനമെടുത്താല്‍ ഇരുവരും മത്സരിക്കാനിറങ്ങേണ്ടി വരും. 

click me!