ജനം ടിവി ബിജെപി ഉടമസ്ഥതയിലല്ലെന്ന് കെ സുരേന്ദ്രൻ; പക്ഷേ ചാനലുമായി ആത്മബന്ധമുണ്ട്

By Web TeamFirst Published Aug 28, 2020, 12:04 PM IST
Highlights

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവി കോർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. 

തിരുവനന്തപുരം: ജനം ടിവിയുമായി ബിജെപിക്ക് ബന്ധമില്ലെന്ന പ്രസ്താവനയിൽ വിശദീകരണവുമായി പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജനം ടിവിയുടെ ഉടമസ്ഥാവകാശവുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്നും എന്നാൽ ജനം ടിവിയുമായി ബിജെപിക്ക് ആത്മബന്ധമുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവി കോർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രബാഗിൽ നിന്നും സ്വർണം കണ്ടെത്തിയ ദിവസം അനിൽ നമ്പ്യാരും സ്വപ്ന സുരേഷും രണ്ട് തവണ ഫോണിലൂടെ സംസാരിച്ചതായി കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. 

ഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട് സ്വപ്നയിൽ നിന്ന് കസ്റ്റംസ് നേരത്തെ മൊഴിയെടുത്തിരുന്നു. ഈ മൊഴിയുമായി ബന്ധപ്പെട്ടും ഫോൺ കോൾ വിവരങ്ങൾ ആരായാനുമാണ് അനിൽ നമ്പ്യാരെ കസ്റ്റംസ് വിളിച്ചു വരുത്തി മൊഴിയെടുത്തത് എന്നാണ് വിവരം. ഇന്നലെ ഇക്കാര്യവുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രനോട് മാധ്യമങ്ങൾ പ്രതികരണം ആരാഞ്ഞപ്പോൾ ആണ് ജനം ടിവിയുമായി ബിജെപിക്ക് ബന്ധമില്ലെന്ന് പ്രസ്താവിച്ചത്. സുരേന്ദ്രന്റെ പ്രസ്താവന സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ ചർച്ചയായിരുന്നു.

ജനം ടി വി യുടെ ഉടമസ്ഥാവകാശവുമായി ബിജെപിക്ക് ബന്ധമില്ലെന്നാണ് ഞാനിന്നലെ പറഞ്ഞത്. ജനം ടിവിയുമായി ഞങ്ങൾക്ക് നല്ല ആത്മബന്ധമുണ്ട്. സ്വ‍ർണക്കടത്തിൽ അനിൽ നമ്പ്യാ‍രെ ചോദ്യം ചെയ്തതിൽ അപാകതയില്ല.  നിഷ്പക്ഷമായാണ് അന്വേഷണം നടക്കുന്നത്. കസ്റ്റംസ് വിശദമായി അന്വേഷണം നടത്തുന്നതിനെ പൊസീറ്റീവായാണ് കാണുന്നത്. 

click me!