
കൊച്ചി: യോഗയെ പരിഹസിച്ചവരാണ് ഇപ്പോൾ ഭാരതാംബയെ എതിർക്കുന്നതെന്നും രണ്ടോ മൂന്നോ വർഷം കഴിഞ്ഞാൽ യോഗയെ ഏറ്റെടുത്തത് പോലെ ക്ലിഫ് ഹൗസിൽ വരെ ഭാരതാംബയെ വെക്കുമെന്നും ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അന്താരാഷ്ട്ര യോഗാദിനം ആചരിക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചപ്പോൾ അത് സംഘപരിവാർ അജണ്ടയാണെന്നും അപരിഷ്കൃതമാണെന്നും പറഞ്ഞവരാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. എന്നാൽ ഇന്ന് അവർ യോഗാദിനം കൊണ്ടാടുകയാണെന്ന് കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ കെ.സുരേന്ദ്രൻ പറഞ്ഞു.
ഭാരതാംബ സങ്കൽപ്പം ആദ്യകാലം മുതൽ ഇവിടെയുണ്ട്. കാവിക്കൊടിയും ഭാരതാംബയും രാജ്ഭവനിൽ വെക്കാൻ പാടില്ലെന്ന നിലപാടെടുക്കാനുള്ള അധികാരം സംസ്ഥാന മന്ത്രിമാർക്കില്ല. അക്രമത്തിൻ്റെ ചിഹ്നമായ അരിവാളും ചുറ്റികയും കൊണ്ടു നടക്കുന്നവർവർക്ക് ഭാരതാംബയെ അംഗീകരിക്കാനാവില്ല. കാവിയോടുള്ള അലർജി പച്ചയെ കൂടുതൽ കൂട്ടുപിടിക്കാൻ വേണ്ടിയാണ്. മുസ്ലിം വർഗീയവാദികളെ പ്രീണിപ്പിക്കാനാണ് കോൺഗ്രസും ഇടതുപക്ഷവും കാവിയെ എതിർക്കുന്നത്. കാവിക്കൊടി ഈ രാജ്യത്തിൻ്റെ പൈതൃകത്തിൻ്റെ ഭാഗമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
പിണറായിയിൽ സദാചാര ഗുണ്ടായിസത്തിൻ്റെ ഇരയായി യുവതി മരിച്ച സംഭവം ഗൗരവതരമാണ്. താലിബാനിസം കേരളത്തിൽ പടർന്നു പിടിക്കുകയാണ്. വോട്ട് ബാങ്കിന് വേണ്ടി മതമൗലികവാദത്തെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ നാട്ടിലുണ്ടായത്.
ജനങ്ങൾ പെൻഷനും കുടിവെള്ളവും കിട്ടാതെ കഷ്ടപ്പെടുമ്പോൾ മന്ത്രിമാരുടെ സ്റ്റാഫുകൾക്ക് പെൻഷൻ കൊടുക്കുക്കാൻ സർക്കാർ ധൃതി കാണിക്കുകയാണ്. എങ്ങനെയെങ്കിലും രണ്ട് വർഷം പൂർത്തിയാക്കി പെൻഷൻ ഉറപ്പിച്ച ശേഷം സ്റ്റാഫുകളെ മാറ്റുകയാണ് മന്ത്രിമാർ ചെയ്യുന്നത്. പൊതുഖജനാവ് പരസ്യമായി കൊള്ളയടിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam