
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനയുടെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി വാക്ക് ത്രൂ തെര്‍മല്‍ സ്‌കാനറുകള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മൂന്ന് മീറ്റര്‍ ചുറ്റളവില്‍ ഏകദേശം 10 ആള്‍ക്കാരുടെ വരെ ശരീര ഊഷ്മാവ് വേര്‍തിരിച്ച് കാണിക്കുന്ന 8 വാക്ക് ത്രൂ തെര്‍മല്‍ സ്‌കാനറുകളാണ് എയര്‍പോര്‍ട്ടുകളിലും റെയില്‍വേ സ്റ്റേഷനുകളിലും മറ്റ് പ്രധാന ഓഫീസുകളിലും വ്യാപിക്കുന്നത്.
തിരക്കേറിയ ഈ സ്ഥലങ്ങളില്‍ വരുന്ന ഓരോരുത്തരുടെയും ശരീര ഈഷ്മാവ് വെവ്വേറെ ടെസ്റ്റ് ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതിനാലാണ് പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത്. വാക്ക് ത്രൂ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ഓരോരുത്തരുടേയും മുഖം പ്രത്യേകം ക്യാമറയില്‍ ചിത്രീകരിക്കാന്‍ കഴിയും. ആളുകളുടെ ശരീരത്തില്‍ സ്പര്‍ശിക്കാതെ ശരീര ഊഷ്മാവ് കണ്ടെത്തുന്നതിന് ഇന്‍ഫ്രാറെഡ് ക്യാമറയാണ് ഉപയോഗിക്കുന്നത്.
ആളുകള്‍ ഏകദേശം 3.2 മീറ്റര്‍ ദൂരത്ത് എത്തുമ്പോള്‍ തന്നെ ശരീര ഊഷ്മാവും മുഖചിത്രവും ലഭ്യമാകും. തുടര്‍ന്ന് താപവ്യതിയാനമുള്ള ഓരോ ആളിനേയും നിമിഷങ്ങള്‍ക്കുള്ളില്‍ തിരിച്ചറിയാനും തുടര്‍ന്ന് മറ്റ് പരിശോധനകള്‍ക്ക് മാറ്റുവാനും സാധിക്കുന്നു.
തിരുവനന്തപുരം വിമാനത്താവളം (അന്താരാഷ്ട്രം, ആഭ്യന്തരം) നെടുമ്പാശേരി വിമാനത്താവളം, കോഴിക്കോട് വിമാനത്താവളം (അന്താരാഷ്ട്രം, ആഭ്യന്തരം), കണ്ണൂര്‍ വിമാനത്താവളം (അന്താരാഷ്ട്രം, ആഭ്യന്തരം), കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് വാക്ക് ത്രൂ തെര്‍മല്‍ സ്‌കാനറുകള്‍ സ്ഥാപിക്കുന്നത്.
ഈ മെഷീനോടൊപ്പം ലഭ്യമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ് വെയര്‍ ശരീര ഊഷ്മാവ് സാധാരണ നിലയിലുള്ളവരുടേയും വ്യതിയാനമുള്ളവരുടേയും ചിത്രം തനിയെ പകര്‍ത്തുന്നു. കൂടാതെ ഈ ഉപകരണത്തിലൂടെ കടന്നുപോകുന്ന ആളുകളുടെ എണ്ണവും തനിയെ കണക്കാക്കപ്പെടുകയും ചെയ്യും. താപനില കൂടിയ ആള്‍ക്കാരെ കണ്ടുപിടിച്ചാലുടന്‍ ഉപകരണം ശബ്ദ മുന്നറിയിപ്പും നല്‍കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam