മരംകൊള്ളയില്‍ കേന്ദ്ര ഇടപെടല്‍ തേടി ബിജെപി; സുരേന്ദ്രനും മുരളീധരനും കേന്ദ്രവനം മന്ത്രിയെ കാണും

By Web TeamFirst Published Jun 10, 2021, 11:00 AM IST
Highlights

അതേസമയം മരംകൊള്ളയിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. പതിനാല് ജില്ലകളിലെയും മരം മുറി അന്വേഷിക്കാൻ 5 ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒ മാരെയാണ് ചുമതലപ്പെടുത്തിയത്. 

ദില്ലി: മുട്ടില്‍ ഈട്ടിക്കൊള്ളയിലടക്കം കേന്ദ്ര ഇടപെടല്‍ തേടി ബിജെപി. കേന്ദ്രവനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുമായി കെ സുരേന്ദ്രനും വി മുരളീധരനും കൂടിക്കാഴ്ച നടത്തും. പതിനൊന്നരയോടെ ആയിരിക്കും കൂടിക്കാഴ്ച. കുഴല്‍പ്പണ- കോഴ വിവാദങ്ങളിൽ പ്രതികൂട്ടില്‍ നിൽക്കുമ്പോഴാണ് പ്രതിരോധിക്കാൻ മാര്‍ഗ്ഗങ്ങൾ തേടി സുരേന്ദ്രന്‍ ദില്ലി സന്ദര്‍ശനം നടത്തുന്നത്.

അതേസമയം മരംകൊള്ളയിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. പതിനാല് ജില്ലകളിലെയും മരം മുറി അന്വേഷിക്കാൻ 5 ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒ മാരെയാണ് ചുമതലപ്പെടുത്തിയത്. റവന്യൂ വകുപ്പിന്റെ 2020 മാർച്ച് 11 ഇറങ്ങിയ ഉത്തരവിന് ശേഷമുള്ള മുഴുവൻ മരം ഇടപാടുകളും അന്വേഷിക്കാനാണ് നിർദ്ദേശം. ജൂൺ 22 നകം റിപ്പോർട്ട് കൈമാറണം. 

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഉത്തരവിന്‍റെ മറവില്‍ പട്ടയഭൂമിയിലെ സര്‍ക്കാർ സംരക്ഷിത മരങ്ങള്‍ മുറിച്ചതാണ് അന്വേഷിക്കുക. എല്ലാ ജില്ലകളിലെയും മുഴുവന്‍ ഫയലുകളും പരിശോധിക്കണം. നല്‍കിയ പാസുകളും മുഴൂവന്‍ രേഖകളും കസ്റ്റഡിയിലെടുക്കണം. എന്തെങ്കിലും നഷ്ടപെട്ടാല്‍ അത് നല്‍കിയ ഓഫീസുകളില്‍ നിന്നും ശേഖരിക്കണം. എല്ലാ ദിവസവും ഡിഎഫ്ഒമാര്‍ അന്വേഷണ പുരോഗതി രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. 
 

click me!