തോല്‍വിയുടെ ഉത്തരവാദിത്തം ആര്‍ക്ക്? വി മുരളീധരനും കെ സുരേന്ദ്രനും എതിരെ പാര്‍ട്ടി യോഗങ്ങളില്‍ വിമര്‍ശനം

By Web TeamFirst Published May 12, 2021, 9:36 PM IST
Highlights

കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, കെ സുരേന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചോര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ബിജെപി ഔദ്യോഗിക നേതൃത്വത്തിനെതിരെ പൊതുവെയും വി മുരളീധരനുമെതിരെ പ്രത്യേകിച്ചും കടുത്ത വിമര്‍ശനം ഉയര്‍ന്നത്. 

കോഴിക്കോട്: ബിജെപിയുടെ ദയനീയ തോല്‍വിയുടെ കാരണക്കാര്‍ കേന്ദ്ര മന്ത്രി വി മുരളീധരനും കെ സുരേന്ദ്രനുമെന്ന വിമര്‍ശനം പാര്‍ട്ടി യോഗങ്ങളില്‍ ശക്തമാകുന്നു. കഴിഞ്ഞദിവസം വടക്കന്‍ ജില്ലകളിലെ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ഓണ്‍ലൈന്‍ വഴി ചേര്‍ന്ന യോഗത്തിലാണ് ഇരു നേതാക്കള്‍ക്കുമെതിരെ വിമര്‍ശനം ഉയര്‍ന്നത്. വിമര്‍ശനത്തെത്തുടര്‍ന്ന് വി മുരളീധരന്‍ ചര്‍ച്ച പൂര്‍ത്തിയാകും മുമ്പ് യോഗത്തില്‍ നിന്ന് പിന്‍മാറി.

കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, കെ സുരേന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചോര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ബിജെപി ഔദ്യോഗിക നേതൃത്വത്തിനെതിരെ പൊതുവെയും വി മുരളീധരനുമെതിരെ പ്രത്യേകിച്ചും കടുത്ത വിമര്‍ശനം ഉയര്‍ന്നത്. കേന്ദ്രമന്ത്രിയെക്കൊണ്ട് സംസ്ഥാന ബിജെപിക്ക് എന്ത് പ്രയോജനമെന്നായിരുന്നു കൊയിലാണ്ടി മണ്ഡലത്തില്‍ നിന്നുളള ഒരു നേതാവ് ഓണ്‍ലൈന്‍ യോഗത്തില്‍ ഉന്നയിച്ച ചോദ്യം. ചെങ്ങോട്ടുകാവിലെ ഒരു പ്രത്യേക പ്രശ്നം ചൂണ്ടിക്കാട്ടിയായിരുന്നു ഈ വിമര്‍ശനം. 

താഴെ തട്ടിലെ അടിസ്ഥാന പ്രശ്നങ്ങളില്‍ നേതാക്കള്‍ ഇടപെടാത്തതാണ് പാര്‍ട്ടി നേരിടുന്ന പ്രധാന പ്രതിസന്ധിയെെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി. കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചതും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായി. യോഗത്തില്‍ വി മുരളീധരനായിരുന്നു സമാപന പ്രസംഗം നടത്തേണ്ടിയിരുന്നത്. വിമര്‍ശനം ശക്തമായതോടെ സമാപന പ്രസംഗം നടത്താതെ ഓണ്‍ലൈന്‍ യോഗത്തില്‍ നിന്ന് മുരളീധരന്‍ ലെഫ്റ്റായി. 

നേരത്തെ തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി യോഗത്തിലും നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ജില്ലാ പ്രസിഡന്‍റ് എസ്. സുരേഷും വി വി രാജേഷും തമ്മില്‍ വാക്കേറ്റവുമുണ്ടായി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വമ്പന്‍ തിരിച്ചടി ഏറ്റുവാങ്ങിയത് നേതൃത്വത്തിലെ ചേരിപ്പോര് മൂലമെന്ന വിമര്‍ശനമാണ് പാര്‍ട്ടി അണികള്‍ പൊതുവെ പങ്കുവയ്ക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!