
കൊല്ലം: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന് സിനിമയിൽ അഭിനയിപ്പിക്കാമെങ്കിൽ മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് കലക്ടറായി ജോലി ചെയ്യാമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഇന്ന് കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് സുരേന്ദ്രൻ ഇക്കാര്യം പറഞ്ഞത്.
'നടൻ ദിലീപിനെതിരെ ഒരു കേസുണ്ട്. അതുകൊണ്ട് നമ്മൾക്കാർക്കെങ്കിലും ദിലീപ് ഒരു സിനിമയിലും അഭിനയിക്കാൻ പാടില്ലെന്ന് പറയാൻ പറ്റുമോ. ദിലീപിനെതിരെയുള്ള കേസ് ശരിയായ നിലയിൽ അന്വേഷിച്ച് അയാൾ കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കണം. അതാണ് നിയതമായ മാർഗം. ഇവിടെ ശ്രീറാം വെങ്കിട്ടരാമൻ ഒരുജില്ലയിലും കലക്ടറായി ജോലി ചെയ്യാൻ പാടില്ലെന്ന് പറയുന്നു. സിപിഐക്കാർ പറയുന്നു അയാളെ ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പിലും ജോലി ചെയ്യിക്കരുതെന്ന്. ഇതെന്ത് ന്യായമെന്ന് മനസ്സിലാകുന്നില്ല. എന്ത് സംവിധാനമാണ് ഇവിടെ മുന്നോട്ട് പോകുന്നത്. ചില ആളുകൾ തീരുമാനിക്കുന്നതേ നടക്കുകയുള്ളൂ. അതെങ്ങനെ ശരിയാകും. ശ്രീറാം വെങ്കിട്ടരാമന് വേണ്ടി ആരും വക്കാലത്തെടുക്കുന്നില്ല. ആ കേസ് തെളിയണമെന്നും കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടണമെന്നുമാണ് ബിജെപിയുടെയും ആവശ്യം. പക്ഷേ ആ കേസിൽ പ്രതി ചേർക്കപ്പെട്ട ഒരാളെ സർവീസിൽ തിരിച്ചെടുത്തതിന് ശേഷം ഒരു പദവിയിലും ഇരിക്കാൻ അനുവദിക്കില്ലെന്ന തീരുമാനം അംഗീകരിക്കില്ല. മതസംഘടനകൾക്കുമുന്നിൽ സർക്കാർ മുട്ടുമടക്കുന്നതാണ് കാണുന്നത്. വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. നവോത്ഥാന തീരുമാനമെന്ന് പറഞ്ഞാണ് തീരുമാനം കൊണ്ടുവന്നത്. എന്നാൽ നവോത്ഥാന നായകന് ഇടയ്ക്കിടക്ക് കാലിടറുന്നു. മതസംഘടനകളും വർഗീയ സംഘടനകളും അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയാണ്. അതിന് സർക്കാർ മുട്ടുമടക്കുകയാണ്. അതിനെ നവോത്ഥാന സർക്കാർ എന്നല്ല പറയേണ്ടത്, നട്ടെല്ലില്ലാത്ത സർക്കാർ എന്നാണ്'- കെ സുരേന്ദ്രൻ പറഞ്ഞു.
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ പ്രതിഷേധവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നേരത്തെയും രംഗത്തെത്തിയിരുന്നു. സർക്കാർ തീരുമാനം നീതീകരിക്കാനാകില്ലെന്നും സംഘടിത ശക്തികള്‍ക്കുമുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഒരു വിഭാഗമാളുകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി തീരുമാനം പിന്‍വലിച്ച നടപടി ഭീരുത്വമാണെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചിരുന്നു.
'ശ്രീറാമിനെ മാറ്റിയത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്'; പ്രതിഷേധവുമായി സുരേന്ദ്രൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam