'സിപിഎം നേതാക്കളുടെ വാക്കുകേട്ട് തീവ്രവാദ കേസുകൾ അട്ടിമറിക്കുന്നത് ജനങ്ങളുടെ സ്വൈര്യജീവിതത്തെ ബാധിക്കും'

By Web TeamFirst Published Nov 3, 2019, 9:25 AM IST
Highlights
  • സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റുമായി ബന്ധപ്പെട്ട കേസ് ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നതായി കെ സുരേന്ദ്രന്‍
  • കേസ് അട്ടിമറിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും
  • സിപിഎം, സിപിഐ നേതാക്കള്‍ ഇതിന് ശ്രമം നടത്തുന്നതായും ആരോപണം

തിരുവനന്തപുരം: തീവ്രവാദ ബന്ധമുള്ള സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി ദുര്‍ബലപ്പെടുത്താനുള്ള നീക്കം ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.

കേസുകള്‍ ഇത്തരത്തില്‍ അട്ടിമറിക്കുന്നതുകൊണ്ടാണ് കേരളത്തില്‍ തീവ്രവാദം വ്യാപിക്കുന്നതെന്നും. സിപിഎം സിപിഐ നേതാക്കളുടെ വാക്കുകേട്ട് ഗൗരവമേറിയ തീവ്രവാദ കേസുകള്‍ അട്ടിമറിക്കുന്നത് ജനങ്ങളുടെ സ്വൈര്യജീവിതത്തെ ബാധിക്കുമെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിങ്ങനെ...

തീവ്രവാദബന്ധമുള്ള സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി ദുർബലപ്പെടുത്താനുള്ള സർക്കാർ നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങൾക്കിടയാക്കും. ഏതാനും ചില സിപിഐ, സിപിഎം നേതാക്കളുടെ വാക്കുകേട്ട് ഗൗരവമേറിയ തീവ്രവാദകേസ്സുകൾ അട്ടിമറിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ സ്വൈര്യജീവിതത്തെ ബാധിക്കുമെന്നുറപ്പാണ്. 

നേരത്തെയും ഇത്തരം കേസ്സുകൾ അട്ടിമറിക്കപ്പെട്ടതുകൊണ്ടാണ് കേരളത്തിൽ തീവ്രവാദം ശക്തിപ്രാപിക്കുന്നത്. കേസ്സ് അട്ടിമറിച്ച് പ്രതികളെ രക്ഷിക്കുന്നതിനു പകരം പാർട്ടി പ്രവർത്തകർ എങ്ങനെ തീവ്രവാദത്തിലേക്ക് തിരിയുന്നു എന്ന് പരിശോധിക്കാനാണ് സി. പി. എം നേതൃത്വം തയ്യാറാവേണ്ടത്.കേസ്സന്വേഷണം എൻ. ഐ. എയ്ക്കു കൈമാറാൻ സർക്കാർ തയ്യാറാവണം.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് പന്തീരാങ്കാവില്‍ സിപിഎം പ്രവര്‍ത്തകരായ യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചായിരുന്നു അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

click me!