അലനും താഹയും കോഴിക്കോട് ജയിലിൽ തുടരും: തീരുമാനം ഇരുവരുടെയും ജാമ്യാപേക്ഷ നാളെ പരിഗണിക്കുന്നതിനാൽ

By Web TeamFirst Published Nov 3, 2019, 9:17 AM IST
Highlights

അലനെയും താഹയെയും ഇന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റില്ല. വിയ്യൂരിലേക്ക് ഇരുവരെയും മാറ്റാൻ സുരക്ഷ ആവശ്യപ്പെട്ട് പൊലീസ്.

കോഴിക്കോട്: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ,താഹ എന്നിവർ കോഴിക്കോട് ജയിലിൽ തുടരും. ഇരുവരെയും ഇന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റില്ല. രണ്ട് പേരുടെയും ജാമ്യാപേക്ഷ നാളെ പരിഗണിക്കുന്നതിനാലാണ് തീരുമാനം. അലനെയും താഹയെയും തൃശ്ശൂരിലെ വിയ്യൂർ ജയിലിലേക്ക് മാറ്റുമെന്ന് പൊലീസ് രക്ഷിതാക്കളെ ഇന്നലെ അറിയിച്ചിരുന്നു. ഇരുവരേയും മാറ്റാനുള്ള തീരുമാനം പൊലീസിന്റേതല്ലെന്നും കമ്മീഷണർ എ വി ജോർജ് വ്യക്തമാക്കിയിരുന്നു. 

Read More: 'യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയത് ധൃതി പിടിച്ച്': പൊലീസിനെതിരെ പ്രമേയം പാസാക്കി സിപിഎം ഏരിയാ കമ്മിറ്റി

ഇന്നലെ തന്നെ അലനും താഹയും കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ജാമ്യാപേക്ഷ നാളെ കോടതി നിരസിച്ചാൽ ഇരുവരെയും വിയ്യൂരിലേക്ക് മാറ്റാനാവശ്യമായ സുരക്ഷ ഒരുക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അലനെയും താഹയെയും വിയ്യൂരിലേക്ക് മാറ്റും എന്ന് പൊലീസ് അറിയിച്ചതിനെ തുടർന്ന് ഇരുവരുടെയും രക്ഷിതാക്കൾ വസ്ത്രങ്ങളുമായി രാവിലെ ജയിലിലെത്തിയിരുന്നു. എന്നാൽ വിയ്യൂരിലേക്ക് ഇവരെ മാറ്റില്ലെന്ന് വ്യക്തമാക്കിയതോടെ രക്ഷിതാക്കൾ മടങ്ങി.

Read More: വല്ല്യമ്മക്ക് ഉറക്കം വരുന്നില്ല; അലന്‍റെ അറസ്റ്റില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി സജിത മഠത്തില്‍

വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെ ആണ് കോഴിക്കോട് പന്തീരാങ്കാവ് വച്ച് സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗങ്ങളായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. നടപടിക്കെതിരെ ഭരണപ്രതിപക്ഷത്ത് നിന്നടക്കം വലിയ വിമർശനം ഉയർന്നിരുന്നു. നടപടി ജനാധിപത്യ അവകാശങ്ങളെ കവർന്നെടുക്കുന്നുവെന്ന് കാട്ടി സിപിഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി പൊലീസിനെതിരെ പ്രമേയം പാസാക്കിയെന്ന വാർത്തയാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്നത്. 

Read More: യുഎപിഎ കേസ് പൊലീസിന്‍റെ നാടകം: ആരോപണം മുറുക്കി പ്രതികളായ യുവാക്കളുടെ ബന്ധുക്കൾ

click me!