കോഴിക്കോട് ഉള്ളിയേരിയിലെ കുന്നുമ്മല്‍ വീട്ടിൽ നിന്ന് കേരള രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ കൈമുതലായി അധികമൊന്നുമുണ്ടായിരിന്നില്ല കെ സുരേന്ദ്രന്. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്‍റെ ഭാഗമായിട്ടായിരുന്നു തുടക്കം. കലാലയത്തിലേക്ക് കുടിയേറിയപ്പോഴേക്കും ഗുരുവായൂരപ്പൻ കോളേജിലെ കെമിസ്ട്രി വിദ്യാര്‍ത്ഥി എബിവിപി നേതാവായി. എബിവിപിയുടെ മുഴുവൻ സമയ പ്രവര്‍ത്തകനായിരുന്ന കെ സുരേന്ദ്രൻ യുവമോര്‍ച്ചയുടെ മേൽവിലാസത്തിലേക്ക് എത്തുന്നത് കെജി മാരാരുടെ കൈപിടിച്ചാണ്. നിന്നിടത്തെലാം നിലയുറപ്പിക്കുന്ന നേതാവ് മെല്ലെമെല്ലെ ഉയര്‍ന്ന് യുവമോര്‍ച്ചാ അധ്യക്ഷപദവിയിലേക്ക് എത്തിയപ്പോഴേക്കും കെ സുരേന്ദ്രനെ കേരള രാഷ്ട്രീയം ശ്രദ്ധിച്ച് തുടങ്ങിയിരുന്നു.
ഇടത് വലത് മുന്നണി രാഷ്ട്രീയത്തിൽ വട്ടം കറങ്ങി നിന്ന കേരളത്തിൽ കളമുറപ്പിക്കാൻ കെ സുരേന്ദ്രന് മുന്നിലുള്ള വഴികൾ ഒട്ടം എളുപ്പമായിരുന്നില്ല. ജനകീയ സമരങ്ങളുടെ മുൻ നിരയിൽ നിന്നും, മുന്നണി രാഷ്ട്രീയത്തെ പ്രതിക്കൂട്ടിലാക്കാൻ കിട്ടുന്ന അവസരങ്ങളെ അതി സമര്‍ത്ഥമായി വിനിയോഗിച്ചും കേവല രാഷ്ട്രീയത്തിനപ്പുറമുള്ള ജനശ്രദ്ധയിലേക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തെ വളര്‍ത്തിയെടുക്കാൻ കഴിഞ്ഞതായിരുന്നു കെ സുരേന്ദ്രന്‍റെ വിജയം.
ടോട്ടൽ ഫോര്‍യു തട്ടിപ്പും ,കോവളം കൊട്ടാരം സമരവും, കേരളയൂണിവേഴ്സിറ്റി അസിസ്റ്റന്റ് നിയമന അഴിമതിയും മുതൽ മലബാര്‍ സിമന്‍റ്സും സോളാര്‍ കേസും വരെ കെ സുരേന്ദ്രൻ ആയുധമാക്കി. അഴിമതിക്കെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സമരസജ്ജരായി തെരുവിലിറങ്ങി. ബഹുജന പ്രക്ഷോഭങ്ങളുടെ അമരത്തു നിന്നാണ് കെ സുരേന്ദ്രൻ ബിജെപിയിലേക്ക് എത്തുന്നത്.
പാര്‍ട്ടിക്കകത്തുള്ള പ്രവര്‍ത്തനങ്ങളും ഒട്ടും എളുപ്പമായിരുന്നില്ല . പതിറ്റാണ്ടോളം ജനറല്‍ സെക്രട്ടറി പദവിയിൽ തുടര്‍ന്ന കെ സുരേന്ദ്രന് നേരിടേണ്ടി വന്നത് മുഖ്യധാരയിലേക്ക് ചുവട് മാറുന്ന പാര്‍ട്ടി അനുഭവിക്കുന്ന പൊതു പ്രതിസന്ധികൾക്ക് പുറമെ ജാതി രാഷ്ട്രീയം അടക്കം ഉൾപാര്‍ട്ടി പ്രശ്നങ്ങൾ സൃഷ്ടിച്ച വെല്ലുവിളികൾ കൂടിയാണ്. പാര്‍ട്ടി വേദികളിലും പാര്‍ലമെന്‍ററി മത്സരരംഗത്തും മാറിമാറി നടന്ന പരീക്ഷണ വര്‍ഷങ്ങൾക്കൊടുവിൽ ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പ്രക്ഷോഭമേറ്റെടുത്തതോടെയാണ് കെ സുരേന്ദ്രനെന്ന നേതാവ് സംഘപരിവാര്‍ മനസ്സുകളിൽ ഇടമുറപ്പിക്കുന്നത്.
ലോക്‌സഭയിലേക്ക് കാസര്‍കോട് മണ്ഡലത്തില്‍ നിന്നും രണ്ടുതവണയും നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്നും രണ്ട് തവണയും മത്സരിച്ച സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് തോറ്റത് വെറും 89 വോട്ടിനാണ്. ശബരിമല യുവതി പ്രവേശന പ്രക്ഷോഭം കത്തിനിന്ന 2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് പിടിച്ച് ഒപ്പത്തിനൊപ്പം എത്തി മുന്നണികളെ ഞെട്ടിക്കാന്‍ കെ സുരേന്ദ്രന് കഴിഞ്ഞു. കോന്നി മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാല്‍പതിനായിരത്തോളം വോട്ട് പിടിച്ച് കരുത്ത് കാട്ടി. പാര്‍ലമെന്ററി രാഷ്ട്രീയത്തിലും ചെറുതല്ലാത്ത സാന്നിധ്യം ഉറപ്പിച്ച് കഴിഞ്ഞു കെ സുരേന്ദ്രൻ.
അതുവരെ ഉണ്ടായിരുന്ന പ്രതിസന്ധികളെല്ലാം അപ്പോഴേക്കും അലിഞ്ഞില്ലാതായി. പലവിധ കാരണങ്ങളാൽ അടുക്കാൻ മടിച്ചിരുന്ന ആര്‍എസ്എസ് പോലും കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷപദവിയിലെത്തുന്നതിനോട് എതിര്‍പ്പ് കാണിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം മുൻ നിര നേതൃത്വവുമായി സൂക്ഷിക്കുന്ന വ്യക്തിപരമായ അടുപ്പത്തിനൊപ്പം പാര്‍ട്ടിക്കകത്തെ അധികാര സമവാക്യങ്ങൾ കൂടി അനുകൂലമായതോടെ ദില്ലിയിൽ നിന്ന് ആ നിര്‍ണ്ണായ പ്രഖ്യാപനം വന്നു. കെ സുരേന്ദ്രൻ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി. അതും സംസ്ഥാന ബിജെപിയുടെ ചരിത്രത്തിലെ പ്രായം കുറഞ്ഞ അധ്യക്ഷൻ.
പൗരത്വ നിയമ ഭേദഗതിക്കെതിരായ കേന്ദ്രവിരുദ്ധ സമരം മുൻനിരയിൽ നിന്ന് നയിക്കുന്ന കേരളത്തിലാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍റെ സ്ഥാനാരോഹണം. ആകെ ഉലഞ്ഞ പാര്‍ട്ടി സംവിധാനം, തദ്ദേശ ഭരണസ്ഥാനപനങ്ങളിലേക്കടക്കം തൊട്ട് തൊട്ട് വരുന്ന തെരഞ്ഞെടുപ്പുകൾ. പാളയത്തിലെ പടമുതൽ പാര്‍ലമെന്‍ററി രാഷ്ട്രീയം വരെ പലവിധ കടമ്പകളുണ്ട് നിലവിൽ കെ സുരേന്ദ്രന് മുന്നിൽ. പൗരത്വ വിഷയത്തിൽ പ്രതിരോധത്തിൽ നിൽക്കുന്ന കേരള ബിജെപിയെ കൈപിടിച്ച് ഉയര്‍ത്തി വേണം തെരഞ്ഞെടുപ്പിന് ഒരുക്കാൻ. "
സംസ്ഥാനത്തെ രാഷ്ട്രീയകാലാവസ്ഥ ബിജെപിക്ക് അനുകൂലമല്ലെന്ന വെല്ലുവിളി ഒരുവശത്ത്. അതിനപ്പുറം അധികാര വടംവലികൾക്കൊടുവിൽ കേരളത്തിൽ പാര്‍ട്ടി പിടിച്ച വി മുരളീധര പക്ഷത്തെ പ്രമുഖനെന്ന നിലയിൽ പാര്‍ട്ടിക്കകത്തെ അസംതൃപ്തരുടെ വലിയ നിരയെ പറഞ്ഞൊതുക്കേണ്ട ബാധ്യത മറുവശത്ത്. വിഭാഗീയതക്ക് വിലങ്ങിട്ട് സംസ്ഥാന ബിജെപിയെ സംഘടനാ മികവിലേക്ക് ഉയര്‍ത്താൻ കെ സുരേന്ദ്രന് കഴിയുമോ ? ബിഡിജെഎസ് അടക്കമുള്ള സഖ്യ കക്ഷികളെയും ക്രൈസ്തവരടക്കം ന്യൂനപക്ഷങ്ങളെയും കൂട്ടിയിണക്കി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുമോ? കെ സുരേന്ദ്രന് മാര്‍ക്കിടാൻ കേന്ദ്ര നേതൃത്വത്തിനൊപ്പം രാഷ്ട്രീയ കേരളവും കാത്തിരിക്കുകയാണ്.