ഷാ‍ർജ ഷെയ്ക്കിനുള്ള സ്വീകരണവും ലോക കേരളസഭയും ഏകോപിപ്പിച്ചത് സ്വപ്നയെന്ന് കെ സുരേന്ദ്രൻ

By Web TeamFirst Published Jul 7, 2020, 12:28 PM IST
Highlights

സ്വപ്നയെ മുഖ്യമന്ത്രിക്ക് അറിയില്ല എന്ന് പറയുന്നത് പച്ചക്കള്ളമാണ്. 2017 മുതൽ മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയാം

കോഴിക്കോട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് സർക്കാരിലെ പ്രമുഖരുമായും ചില എംഎൽഎമാരുമായും ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശിവശങ്കറിനെ മാറ്റിയതോടെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സ്വർണക്കടത്ത് ഇടപാടിലുള്ള പങ്ക് വ്യക്തമായെന്നും ബിജെപി അധ്യക്ഷന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധം ഉണ്ടെന്ന് വ്യക്തമായതിനാലാണ് ഇന്നലെ ബിജെപി ആരോപണമുന്നയിച്ചത്. മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസ് ബന്ധങ്ങൾ പുറത്തറിയുമോ എന്നതിന്നാലാണോ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ മാറ്റാതിരുന്നതെന്ന് വ്യക്തമാക്കണം. ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ മാറ്റാത്തതിന് പിന്നിൽ മുഖ്യമന്ത്രിയുടെ വ്യക്തി താൽപര്യമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

സ്വപ്നയെ മുഖ്യമന്ത്രിക്ക് അറിയില്ല എന്ന് പറയുന്നത് പച്ചക്കള്ളമാണ്. 2017 മുതൽ മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയാം. 2017 സെപ്തംബർ 27 ന്  ഷാർജ ഷെയ്ക്കിന് സ്വീകരണം നൽകിയിരുന്നു. ഇതിൻ്റെ ചുമതല സ്വപ്ന സുരേഷിനായിരുന്നു. ലോക കേരള സഭയുടെ നടത്തിപ്പിലും സ്വപ്ന സുരേഷിന് പങ്കുണ്ട്. സ്പീക്കർ പി. ശ്രീരാമകൃഷ്ണമായുള്ള ബന്ധത്തിലൂടെയാണ് ലോക കേരള സഭയുടെ നിയന്ത്രണം സ്വപ്നയിലെത്തുന്നത്. 

പിണറായിയുടെ ചെവിയിൽ സ്വപ്ന സംസാരിക്കുന്ന പടം മാധ്യമങ്ങളിൽ വന്നതാണ്. മന്ത്രിസഭയിലേയും സിപിഎമ്മിലേയും ഉന്നതരുമായി സ്വപ്നക്ക് ബന്ധമുണ്ട്. അവരുമായി നല്ല സൗഹൃദവുമുണ്ട്. സ്വർണ്ണക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലെങ്കിൽ പിന്നെ എന്തിന് സെക്രട്ടറി സ്ഥാനത്തു നിന്ന് ശിവശങ്കറിനെ മാറ്റി? ശിവശങ്കറിന് സ്വർണ്ണ കേസുമായി ബന്ധമുണ്ടെന്നും സുരേന്ദ്രൻ ആവർത്തിച്ചു. 

സാധാരണ നികുതി വെട്ടിപ്പ് കേസായി ഇതിനെ കാണരുത്. എൻഐഎ അന്വേഷിക്കണമെങ്കിൽ ആ രീതിയിൽ അന്വേഷിക്കണം. കസ്റ്റംസിലെ ഒരു ഉന്നതൻ സിപിഎമ്മിനു വേണ്ടി ചരടു വലിക്കുന്നതായി വ്യക്തമായ വിവരം കിട്ടിയിട്ടുണ്ട്. സിപിഎം ബന്ധമുള്ള ഈ ജോയിൻ്റ കമ്മീഷണറെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഉടനെ പുറത്തു വിട്ടും. ചില എംഎൽഎമാരും മന്ത്രിമാരുമായും എല്ലാം സ്വപ്നയ്ക്ക് ബന്ധമുണ്ട്. ഇതേക്കുറിച്ചെല്ലാം വ്യക്തമായ അറിവുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ തെളിവുകൾ വരും ദിവസങ്ങളിൽ പുറത്തു വിടുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. 

click me!