കെ സുരേന്ദ്രന്റെ ആരോപണങ്ങൾക്കു പിന്നാലെ പോകേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കില്ലെന്ന് എ എൻ ഷംസീർ

By Web TeamFirst Published Jul 7, 2020, 11:43 AM IST
Highlights

എയർപോർട്ട് സംസ്ഥാന സർക്കാരിന്റെ കീഴിലല്ല, കേന്ദ്ര സർക്കാരിന്റെ കീഴിലാണ്. ഇതിനകത്ത് നിങ്ങളാരും ആ ആം​ഗിളിലേക്ക് ചർച്ച കൊണ്ടുപോകുന്നില്ല. കസ്റ്റംസ് ആരുടെ കീഴിലാണ്, മുഖ്യമന്ത്രിയുടെ കീഴിലാണോ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ആദ്യവിളി വന്നതെന്നൊക്കെ ആരോപിക്കുന്നത് ബിജെപി സംസ്ഥാന അധ്യക്ഷനാണ്. അദ്ദേഹം ഉണ്ടയില്ലാ വെടി വെക്കുന്ന ആളാണ്.

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും വ്യക്തിയെ സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന സർക്കാർ സ്വീകരിക്കില്ലെന്ന് സിപിഎം നേതാവ് എ എൻ ഷംസീർ പ്രതികരിച്ചു. വസ്തുതകളുയർത്തി ആരോപണം ഉന്നയിച്ചാൽ മുഖ്യമന്ത്രി അതിനനുസരിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉന്നയിക്കുന്ന ആരോപണങ്ങളുടെ പിന്നാലെ പോകേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കില്ലെന്നും ഷംസീർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

ഏതെങ്കിലും വ്യക്തിയെ സംരക്ഷിക്കുന്ന നിലപാട് സർക്കാരിന്റെ ഭാ​ഗത്തുനിന്നുണ്ടാവില്ല. പക്ഷേ ഷൂട്ട് അറ്റ് സൈറ്റും ഉണ്ടാവില്ല. അതുകൊണ്ട് നിങ്ങൾ വസ്തുതകൾ നിരത്തി ആരോപണം ഉന്നയിക്കുമ്പോൾ മുഖ്യമന്ത്രി നടപടി സ്വീകരിക്കും. എയർപോർട്ട് സംസ്ഥാന സർക്കാരിന്റെ കീഴിലല്ല, കേന്ദ്ര സർക്കാരിന്റെ കീഴിലാണ്. ഇതിനകത്ത് നിങ്ങളാരും ആ ആം​ഗിളിലേക്ക് ചർച്ച കൊണ്ടുപോകുന്നില്ല. കസ്റ്റംസ് ആരുടെ കീഴിലാണ്, മുഖ്യമന്ത്രിയുടെ കീഴിലാണോ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ആദ്യവിളി വന്നതെന്നൊക്കെ ആരോപിക്കുന്നത് ബിജെപി സംസ്ഥാന അധ്യക്ഷനാണ്. അദ്ദേഹം ഉണ്ടയില്ലാ വെടി വെക്കുന്ന ആളാണ്. അദ്ദേഹം ഉന്നയിച്ച ഏതെങ്കിലും ആരോപണം അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിൽ ഇന്ന് വരെ തെളിയിക്കപ്പെട്ടിട്ടുണ്ടോ. സുരേന്ദ്രന്റെ ഉണ്ടയില്ലാ വെടിയുടെ പുറകെ പോകേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കില്ല. എനിക്കെന്റെ മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ട്, സർക്കാരിൽ വിശ്വാസമുണ്ട്, പാർട്ടിയിൽ വിശ്വാസമുണ്ട്. ഏതെങ്കിലും തെറ്റായ പ്രവൃത്തി ചെയ്ത വ്യക്തിയെ പ്രോത്സാഹിപ്പിക്കുന്ന സമീപനം എന്റെ പാർട്ടിയും എന്റെ സർക്കാരും സ്വീകരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വസ്തുതകൾ പുറത്തുവരട്ടെ, തക്ക സമയത്ത് യുക്തമായ നിലപാട് സർക്കാർ സ്വീകരിക്കും.  

Read Also: എം ശിവശങ്ക‍റിനെ പുറത്താക്കി: മിർ മുഹമ്മദ് മുഖ്യമന്ത്രിയുടെ പുതിയ സെക്രട്ടറി...

സ്വപ്ന സുരേഷ് 10-15 തവണ കള്ളക്കടത്ത് നടത്തിയെന്ന് പറയുന്നു. അത് ആരുടെ വീഴ്ചയാണെന്ന് പുറത്തുവരട്ടെ. ഇപ്പോൾ കണ്ടിരിക്കുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. ബാക്കി വസ്തുതകൾ പുറത്തുവരട്ടെ. എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാണ് സിപിഎം നിലപാട്. ഞങ്ങളുടെ കൈകൾ ശുദ്ധമാണ്. ഞങ്ങളുടെ മടിശ്ശീലയ്ക്ക് കനമില്ല. സ്വപ്ന സുരേഷിന്റെ താല്ക്കാലിക നിയമനം സംബന്ധിച്ച് കാര്യങ്ങൾ അന്വേഷിച്ചു പറയാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടല്ലോ എന്നും ഷംസീർ പറഞ്ഞു.

 

Read Also: കള്ളക്കടത്തുകാരുടെയും സ്ഥാപിത താത്പര്യക്കാരുടേയും അഭയകേന്ദ്രമായി; മുഖ്യമന്ത്രിക്കെതിരെ വി ടി ബല്‍റാം...

 

click me!