
തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസിൽ ജനം ടിവിയിലെ മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വർണ്ണക്കടത്തു കേസുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ല. കേസിൽ പ്രതിയായ സന്ദീപ് നായർ ബിജെപി പ്രവർത്തകനല്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് അനിൽ നമ്പ്യാരെ ചോദ്യം ചെയ്യുന്നത്. ജൂലൈ അഞ്ചിന് ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വർണ കണ്ടെടുത്ത ദിവസം സ്വപ്നയും അനിൽ നമ്പ്യാരുമായി രണ്ടു തവണ ഫോണിൽ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ ഫോൺ വിളി സംബന്ധിച്ച് സ്വപ്ന കസ്റ്റംസിന് മൊഴിയും നൽകിയിട്ടുണ്ട്. സ്വപ്നയുടെ ഈ മൊഴി സംബന്ധിച്ച് വ്യക്തത വരുത്താനാണ് കസ്റ്റംസ് ഉദ്ദേശിക്കുന്നത്. അന്നേ ദിവസമാണ് സ്വപ്ന ഒളിവിൽ പോയത്. സംഭാഷണത്തിലെ വിവരങ്ങൾ സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴിയായി നൽകിയിരുന്നു. ഇക്കാര്യങ്ങൾ കസ്റ്റംസ് അനിൽ നമ്പ്യാരിൽ ചോദിച്ചറിയും. മൊഴികളിൽ പൊരുത്തക്കേടുണ്ടോ എന്നറിയുകയാണ് പ്രധാന ഉദ്ദേശ്യം.
സന്ദീപ് നായർ ബിജെപി പ്രവർത്തകനാണെന്ന ആരോപണം നേരത്തെ വലിയ തോതിൽ ഉയർന്നിരുന്നു, ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്‍റും കൗൺസിലറുമായ എസ് കെ പി രമേശിന്റെ ജീവനക്കാരനാണ് സന്ദീപെന്നും ഇയാളുടെ ഫെയ്‌സ്ബുക്കിൽ ബിജെപി നേതാവ് കുമ്മനം രാജശേഖരനൊപ്പം നിൽക്കുന്ന ചിത്രമുണ്ടെന്നും ചൂണ്ടിക്കാട്ടി സിപിഎം ആരോപണം ഉന്നയിച്ചിരുന്നു. ഫേസ്ബുക്കിലെ പോസ്റ്റുകളിൽ സന്ദീപ് പ്രകടമാക്കിയിരിക്കുന്നത് ബിജെപി അനുഭാവമാണ്. ബിജെപി കൗൺസിലറുടെ ഡ്രൈവറായി ഏറെക്കാലം സന്ദീപ് ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. കുമ്മനം രാജശേഖരൻ മത്സരിച്ച സമയത്ത് പ്രചാരണരംഗത്ത് സന്ദീപുണ്ടായിരുന്നു എന്നിവയെല്ലാം ഉയർത്തിയായിരുന്നു സിപിഎമ്മിന്റെ പ്രചാരണം. എന്നാൽ, ഇത് നിഷേധിച്ച് കുമ്മനം രാജശേഖരൻ അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam