
തിരുവനന്തപുരം: പാലക്കാട് ആന ചരിഞ്ഞ സംഭവത്തിൽ പ്രതികരിച്ച മുന്‍ കേന്ദ്ര മന്ത്രി മേനകാ ഗാന്ധിക്കെതിരെ കേസെടുക്കാനുള്ള കേരള സർക്കാരിന്‍റെ തീരുമാനം വർഗീയ പ്രീണനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. ജില്ലയുടെ പേര് മാറിപ്പോയതിന്‍റെ പേരിൽ മുന്‍ കേന്ദ്ര മന്ത്രിക്കെതിരെ കേസെടുക്കുന്നത് ലോകം മുഴുവൻ ഞെട്ടിത്തരിച്ച ക്രൂരതയെ വഴിതിരിച്ചു വിട്ട് വിഷയം മാറ്റാനാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ദേശീയ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മേനകാ ഗാന്ധി മലപ്പുറം എന്ന് പറഞ്ഞത്. മതതീവ്രവാദികളും ലെഫ്റ്റ് ലിബറലുകളും കേരളത്തിൽ പരക്കെ നടത്തുന്ന വിദ്വേഷപ്രചരണങ്ങളിൽ കേസെടുക്കാത്ത പൊലീസാണ് ജില്ലയുടെ പേര് മാറിയതിന്‍റെ പേരിൽ മുന്‍ കേന്ദ്ര മന്ത്രിക്കെതിരെ കേസെടുക്കുന്നത്.
സർക്കാരിന്‍റെ ഇരട്ടമുഖമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. മലപ്പുറം എന്ന പേര് കേൾക്കുമ്പോഴേക്കും കേരളത്തിന്‍റെ സ്വത്വത്തിന് മുറിവേൽക്കുന്നുവെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് സുരേന്ദ്രൻ ചോദിച്ചു. നാടിനെ നടുക്കിയ ഒരു കൊടുംക്രൂരതയെ പോലും നഗ്നമായ വർഗീയ പ്രീണനത്തിന് ഉപയോഗിക്കുന്ന തരത്തിൽ കേരളസർക്കാർ അധപതിച്ചു.
ഗർഭിണിയായ ആനയെ ക്രൂരമായി വധിച്ചവർക്കെതിരെ പ്രതികരിക്കാതിരിക്കുന്നവരാണ് ഇപ്പോൾ മലപ്പുറത്തെ അപമാനിച്ചെന്ന് മുറവിളികൂട്ടുന്നത്. ഇത് സർക്കാരിന്‍റെയും വനംവകുപ്പിന്‍റെയും പൊലീസിന്‍റെയും കഴിവുകേട് മറയ്ക്കാനാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam