മുട്ടിൽ മരം മുറി കേസിൽ സിപിഎം, സിപിഐ നേതൃത്വങ്ങൾക്ക് പങ്ക്, വീരപ്പൻ ഭരണമാണ് നടന്നതെന്ന് കെ സുരേന്ദ്രൻ

By Web TeamFirst Published Jun 12, 2021, 3:22 PM IST
Highlights

ശക്തമായ സമരം ബി ജെ പി നടത്തും. ഈ മാസം 16 ന് സംസ്ഥാന വ്യാപക പ്രതിഷേധ സമരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദില്ലി: മുട്ടിൽ മരം മുറി ഭീകര കൊള്ളയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി സർക്കാരിന്റെ അവസാന കാലത്ത് നടന്ന കടുംവെട്ടാണിത്. ആയിരം കോടിയുടെ കൊള്ളയാണ് നടന്നത്. അന്വേഷണം ആർക്ക് നേരെയാണ് നടക്കുന്നതെന്നും രാഷ്ടീയ നേതൃത്വത്തിന്റെ പങ്കിനെ കുറിച്ച് അന്വേഷണം നടക്കുമോയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രിസഭയുടെ പരിഗണനയിൽ ഈ വിഷയം വന്നോ എന്ന് വ്യക്തമാക്കണം. റവന്യൂ സെക്രട്ടറിക്ക് മാത്രമാണോ പങ്ക്? പെരുമ്പാവൂർ വരെ എങ്ങനെ നിയന്ത്രണങ്ങൾക്കിടയിൽ മരം എത്തിച്ചുവെന്ന് അറിയേണ്ടതുണ്ട്. ഉദ്യോഗസ്ഥരുടെ തലയിൽ എല്ലാ കുറ്റവും കെട്ടിവച്ച് രക്ഷപ്പെടാമെന്ന് കരുതേണ്ട. മുഖ്യമന്ത്രി അറിഞ്ഞാണോ മരം മുറി നടന്നത്? അന്വേഷണത്തിന്റെ തെളിവുകൾ ആരാണ് നശിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഐപിഎസ് ഉദ്യോഗസ്ഥനെ വച്ച് അന്വേഷണം നടത്തി സത്യം കണ്ടെത്താനാകില്ല. വീരപ്പൻ ഭരണമാണ് നടന്നത്. സിപിഐ നേതാക്കളായ കാനം രാജേന്ദ്രനും ബിനോയ് വിശ്വവും എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്? സി പി ഐ വിശദീകരിക്കണം. സിപിഎമ്മിന്റെയും സിപിഐയുടെയും രാഷട്രീയ നേതൃത്വമാണ് ഇത് നടത്തിയത്. ശക്തമായ സമരം ബി ജെ പി നടത്തും. ഈ മാസം 16 ന് സംസ്ഥാന വ്യാപക പ്രതിഷേധ സമരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

click me!