സ്വര്‍ണക്കടത്ത് കേസിൽ ഡിജിറ്റൽ തെളിവുകൾ മുഖ്യമന്ത്രിയിലേക്കെന്ന് കെ സുരേന്ദ്രൻ

By Web TeamFirst Published Oct 19, 2020, 12:27 PM IST
Highlights

ശിവശങ്കറിനെ ഒഴിവാക്കി എടുക്കാൻ ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നു. മുഖ്യമന്ത്രിയുടെ ഹൃദയവും തലച്ചോറും ശിവശങ്കർ ആണെന്ന്  കെ സുരേന്ദ്രൻ

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിൽ അന്വേഷണം തടസപ്പെടുത്താൻ ആസൂത്രിത നീക്കം നടക്കുന്നുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ .ശിവശങ്കറിനെ ഒഴിവാക്കി എടുക്കാൻ ആസൂത്രിതമായ ഗൂഢാലോചനയാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഹൃദയവും തലച്ചോറും ശിവശങ്കർ ആണെന്നും  കെ സുരേന്ദ്രൻ ആരോപിച്ചു.

കേസ് അന്വേഷണത്തെ തടസപ്പെടുത്താനാണ് സിപിഎം രാഷ്ട്രീയ ഗൂഢാലോചന ആരോപിക്കുന്നത്. അന്വേഷണ സംഘം ശേഖരിക്കുന്ന ഡിജിറ്റൽ തെളിവുകൾ നീളുന്നത് മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് ആണ്. ശിവശങ്കർ എന്തെങ്കിലും പറയുമോ എന്നുള്ള പേടിയാണ് മുഖ്യമന്ത്രിക്ക്‌. മുഖ്യമന്ത്രിയെ ബാധിക്കുന്ന ഫയലുകളാണ് സെക്രട്ടറിയേറ്റിൽ കത്തിയത്‌. മുഖ്യമന്ത്രി എന്തിനാണ് സ്വപ്നക്കൊപ്പം വിദേശത്ത് പോയതെന്നും കെ സുരേന്ദ്രൻ ചോദിച്ചു. 

സ്വര്‍ണക്കടത്ത് കേസിലെ ആരോപണ വിധേയരായവര്‍ക്കെല്ലാം കൊവിഡ് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ . എം ശിവശങ്കറിനും കൊവിഡ് സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു. മന്ത്രിമാർക്ക് രാഷ്ട്രീയം പറയാം. വി മുരളീധരനും രാഷ്ട്രീയം പറയാം. അത് വിവാദമാക്കേണ്ട കാര്യം ഇല്ലെന്നും കെ സുരേന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു. 

കൊവിഡ് പ്രതിരോധത്തിൽ വലിയ വീഴ്ചയാണ് കേരളത്തിൽ ഉണ്ടായിട്ടുള്ളത്. ഈ ആരോഗ്യമന്ത്രിയേയും ഉദ്യോഗസ്ഥരേയും വച്ച് മുന്നോട്ട് പോകാനാകില്ല. കൊവിഡ് സ്ഥിതി നിയന്ത്രിക്കാൻ ടാസ്ക് ഫോഴ്സിനെ വിളിക്കാൻ തയ്യാറാകണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. 

click me!