
തിരുവനന്തപുരം: ജലീലിന്‍റെ ബന്ധുവിനായി ന്യൂനപക്ഷ കോർപ്പറേഷൻ ജനറൽ മാനേജർ യോഗ്യതയിൽ മാറ്റം വരുത്തി നിയമനം നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെയായായതിനാൽ മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് കെ സുരേന്ദ്രൻ. ബന്ധുനിയമനത്തിൽ ജലീൽ കുറ്റക്കാരനാണെന്നും അദ്ദേഹത്തെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നും ലോകായുക്ത വിധിച്ചത് യോഗ്യതയിൽ മാറ്റം വരുത്തിയത് കൊണ്ടാണ്. മുഖ്യമന്ത്രിക്കും ജലീലിനും ഈകാര്യത്തിൽ തുല്ല്യ പങ്കാണുള്ളതെന്നും സുരേന്ദ്രന്‍ പ്രസ്താവനയിൽ പറഞ്ഞു.
സത്യപ്രതിജ്ഞാ ലംഘനമാണ് ഇരുവരും നടത്തിയത്. വിധിയെ തള്ളിക്കളയുകയും മന്ത്രി ജലീലിനെ സംരക്ഷിക്കുകയും ചെയ്യുന്ന സിപിഎം നേതൃത്വത്തിനും ഇതിൽ പങ്കുണ്ട്. മുഖ്യമന്ത്രി എല്ലാ ഇടപാടുകളും ജലീൽ മുഖേനയാണ് നടത്തുന്നത്. വിദേശ കോൺസുലേറ്റുമായി വഴിവിട്ട ബന്ധം, മാർക്ക് ദാനം, മലയാളം സർവ്വകലാശാല ഭൂമി വിവാദം തുടങ്ങിയ നിരവധി വിവാദങ്ങൾ ഉണ്ടായിട്ടും ജലീലിനെ മുഖ്യമന്ത്രി സംരക്ഷിച്ചത് ഇതൊക്കെ കൊണ്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു.
സിപിഎമ്മിന്‍റെയും മുഖ്യമന്ത്രിയുടെയും മതമൗലിക ശക്തികളിലേക്കുള്ള പാലമാണ് കെ ടി ജലീൽ. രാജ്യത്തെ ഭരണഘടനയോടും ജനാധിപത്യത്തിനോടും ജലീലിന് പുച്ഛമാണ്. എന്തുകൊണ്ടാണ് ഇപി ജയരാജനും ശശീന്ദ്രനും തോമസ് ചാണ്ടിക്കും കിട്ടാത്ത പരിഗണന ജലീലിന് കിട്ടുന്നുവെന്ന് സിപിഎം അനുഭാവികൾ ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam