
തിരുവനന്തപുരം: സോളാർ കേസ് സിപിഎം കോൺഗ്രസിന് വേണ്ടി ഒത്തുതീർപ്പാക്കിയെന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തൽ സംസ്ഥാനത്തെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്‍റെ തെളിവാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബി ജെ പി ഇത് നേരത്തെ തന്നെ പറഞ്ഞിരുന്നു. സോളാർ സമരം അട്ടിമറിക്കാനാണ് തുടക്കം മുതൽ സി പി എം ശ്രമിച്ചത്. എന്നാൽ ബി ജെ പിയായിരുന്നു അന്ന് പ്രതിപക്ഷത്തിന്‍റെ ധർമ്മം നിറവേറ്റിയത്. അധികാരത്തിലേറിയപ്പോൾ പിണറായി വിജയനും സംഘവും പതിവ് കലാപരിപാടിയായ ഒത്തുതീർക്കൽ പദ്ധതി നടപ്പിലാക്കിയെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
ഇന്നത്തെ എംപിയും അന്ന് പാർട്ടി ചാനലിന്‍റെ മേധാവിയുമായിരുന്ന ജോൺ ബ്രിട്ടാസാണ് അതിന് ഒത്താശ ചെയ്തതെന്ന മുണ്ടക്കയത്തിന്‍റെ ആരോപണം ഗൗരവതരമാണ്. ടി പി ചന്ദ്രശേഖരന്‍റെ കേസുമായാണ് സോളാർ കേസ് ഒത്തുതീർപ്പാക്കിയതെന്ന് കോൺഗ്രസിലെ ചില നേതാക്കൾ തന്നെ പരസ്യമായി ആരോപിച്ചിരുന്നു. ഇപ്പോഴും ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകം രാഷ്ട്രീയമായി ഉപയോഗിക്കുന്ന യു ഡി എഫ് കേരള സമൂഹത്തോട് മാപ്പ് പറയണം. ആത്മാഭിമാനമുണ്ടെങ്കിൽ കെ കെ രമയും ആർ എം പിയും യു ഡി എഫ് സഖ്യം വിടണം. സോളാറിൽ ജനങ്ങളെ വഞ്ചിച്ച പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ല. ബാർക്കോഴ കേസ്, പാലാരിവട്ടം കേസ് തുടങ്ങി മാസപ്പടി കേസിൽ വരെ ഇടത് - വലത് അവിശുദ്ധ ബന്ധം കേരളം കണ്ടതാണ്. അഴിമതിയും ഒത്തുതീർപ്പും മാത്രമാണ് രണ്ട് മുന്നണികളുടെയും കൈമുതലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam