
തിരുവനന്തപുരം: നാം നമ്മെ തന്നെ സംരക്ഷിക്കാനും അതിലൂടെ മറ്റുള്ളവരെ സുരക്ഷിതരാക്കാനും സ്വയം തയ്യാറാകണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം എല്ലാവരും ഏറ്റെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കൊറോണ എന്ന മഹാമാരിയെ നേരിടാൻ ജനങ്ങൾ സ്വയം തയ്യാറെടുക്കണമെന്ന സന്ദേശമാണ് മോദി നൽകിയതെന്നും സുരേന്ദ്രൻ പറഞ്ഞു.
ജനങ്ങൾ സാമൂഹ്യ അകലം പാലിക്കണം. പൊതു ഇടങ്ങളിൽ നിന്ന് എല്ലാവരും വിട്ടു നിൽക്കണം. അത്തരമൊരു സന്ദേശം നൽകാനാണ് ഞായറാഴ്ച ജനതാ കർഫ്യൂ എന്ന ആശയം മുന്നോട്ടു വച്ചിരിക്കുന്നതെന്നും അത് നടപ്പാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
രോഗബാധയെ തുടർന്ന് നമ്മുടെ സാമ്പത്തിക രംഗത്ത് പ്രതിസന്ധികളേറെയാണ്. അത് പരിഹരിക്കാനുള്ള പദ്ധതികൾക്കാനാണ് കേന്ദ്ര ധനമന്ത്രിയുടെ നേതൃത്വത്തിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചിരിക്കുന്നത്. ജനങ്ങൾ അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്ക് ആശുപത്രിയിൽ പോകരുതെന്ന നിർദ്ദേശവും പ്രധാനപ്പെട്ടതാണ്. മഹാമാരിയുടെ കാലത്ത് ജോലിക്കെത്താൻ കഴിയാത്തവരുടെ ശമ്പളം മുടക്കരുതെന്ന നിർദ്ദേശവും ആശ്വാസകരമാണെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.
കൊറോണ വിപത്തിനെ നേരിടാൻ ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള നടപടികളാണാവശ്യമാണ്. ജനങ്ങളെല്ലാം ഒത്തൊരുമിച്ച് നിന്ന് ഈ പ്രതിസന്ധിയെ നേരിടണം. മരുന്നില്ലാത്ത മഹാമാരി ലോകത്തെ കീഴ്പ്പെടുത്തുമ്പോൾ നമുക്കും ജാഗ്രത സ്വീകരിക്കുന്നതിൽ നിന്ന് മാറി നിൽക്കാനാവില്ല. ഞായറാഴ്ച ആരും പുറത്തിറങ്ങാതെ പ്രധാനമന്ത്രിയുടെ ആഹ്വാനം ഓരോരുത്തർക്കും അനുസരിക്കാമെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam