സുധാകരനെ ട്രോളുന്നത് മനുഷ്യത്വരഹിതം, പിഴവ് മനുഷ്യസഹജം; പിന്തുണയുമായി കെ. സുരേന്ദ്രൻ

Published : Sep 24, 2023, 10:57 PM IST
സുധാകരനെ ട്രോളുന്നത് മനുഷ്യത്വരഹിതം, പിഴവ് മനുഷ്യസഹജം; പിന്തുണയുമായി കെ. സുരേന്ദ്രൻ

Synopsis

സുധാകരന് ഉണ്ടായ പിഴവ് മനുഷ്യസഹജമാണ്. ഇതിന്റെ പേരിൽ ട്രോളുന്നത് മനുഷ്യത്വരഹിതമാണ്.

തിരുവനന്തപുരം : കെ. ജി ജോർജ്ജിന്റെ അനുശോചനത്തിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരന് ഉണ്ടായ പിഴവ് മനുഷ്യസഹജമാണെന്ന് ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇതിന്റെ പേരിൽ ട്രോളുന്നത് മനുഷ്യത്വരഹിതമാണ്. മാധ്യമങ്ങൾ അത് സംപ്രേഷണം ചെയ്യരുതായിരുന്നു. അതിനേക്കാൾ വലിയ ക്രൂരത സുധാകരനോട് കാണിച്ചത് വി.ഡി.സതീശനാണ്. ഇതെല്ലാം കാണുമ്പോൾ സുധാകരനോട് സഹാനുഭൂതിയാണ് തോന്നുന്നതെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

കെ. സുധാകരൻ 78 വയസ്സുള്ള ഒരു രാഷ്ട്രീയ നേതാവാണ്. ഒരു തരിമ്പുപോലും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് യോജിപ്പില്ല. ഈ അടുത്ത കാലത്തായി അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അറിയാത്തവരല്ല മാധ്യമപ്രവർത്തകരാരും. വിഖ്യാത ചലച്ചിത്രകാരൻ കെ. ജി. ജോർജ്ജിന്റെ മരണത്തിൽ അനുശോചനം തേടി ഒരുപറ്റം ദൃശ്യമാധ്യമപ്രവർത്തകർ അദ്ദേഹത്തെ തേടിയെത്തി. ആരാണ് മരണപ്പെട്ടതെന്നുപോലും അറിയാതെ  അദ്ദേഹത്തിനറിയാവുന്ന ഒരു രാഷ്ട്രീയപ്രവർത്തകനാണ് മരണപ്പെട്ടതെന്ന ബോധ്യത്തിൽ ചിലതു പറഞ്ഞു. അതിന്റെ പേരിൽ അദ്ദേഹത്തെ ട്രോളുന്നത് തികഞ്ഞ മനുഷ്യത്വരഹിതമായ നടപടിയാണ്. പിശകു മനസ്സിലാക്കിയ മാധ്യമപ്രവർത്തകർ അപ്പോൾ തന്നെ അഭിമുഖം കട്ടുചെയ്ത് ഈ ദുരന്തസാഹചര്യം ഒഴിവാക്കണമായിരുന്നു. അതുണ്ടായില്ലെന്നത് അങ്ങേയറ്റം നെറികേടായിപ്പോയി.

'ആള് മാറി' പ്രതികരണത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ സുധാകരന്‍; എന്താണ് സംഭവിച്ചതെന്നും വിശദീകരണം

മനുഷ്യസഹജമായ ഒരു പിഴവിനെ സൈബർ കഴുകന്മാർക്ക് വേട്ടയാടാനായി പലയാവർത്തി പ്രദർശിപ്പിച്ച മാധ്യമപ്രവൃത്തി ഒരു തരത്തിലും യോജിക്കാനാവുന്നതല്ല. അല്ലെങ്കിൽ തന്നെ എന്തിനു മാധ്യമങ്ങളെ പഴിക്കണം അതിനേക്കാൾ വലിയ ക്രൂരതയാണല്ലോ പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ സുധാകരനോട് കാണിച്ചത് അതും വലിയ വിജയം സമ്മാനിച്ച പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു ഫലം വന്ന ഉടനെത്തന്നെ. മനുഷ്യത്വമാണ് ഏതൊരു പൊതുപ്രവർത്തകനുമുണ്ടാവേണ്ട പ്രാഥമികനീതി. സുധാകരനോട് സത്യത്തിൽ സഹാനുഭൂതി മാത്രമാണ് ഇതെല്ലാം കാണുന്ന ഏതൊരാൾക്കും തോന്നുന്നത്.  കടുത്ത രാഷ്ട്രീയ എതിരാളിയായ ഈയുള്ളവനുപോലും.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്