Asianet News MalayalamAsianet News Malayalam

'ആള് മാറി' പ്രതികരണത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ സുധാകരന്‍; എന്താണ് സംഭവിച്ചതെന്നും വിശദീകരണം

''ഒരുപാട് രാഷ്ട്രീയ ചോദ്യങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ മേഖലയ്ക്ക് പുറത്തുനിന്നുള്ള ഒരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.''

k sudhakaran explanation on kg george condolences joy
Author
First Published Sep 24, 2023, 8:13 PM IST

തിരുവനന്തപുരം: വിഖ്യത ചലച്ചിത്രകാരന്‍ കെ ജി ജോര്‍ജിന്റെ വിയോഗത്തെക്കുറിച്ചുള്ള ചോദ്യത്തോട് 'ആളുമാറി' പ്രതികരിച്ച  സംഭവത്തില്‍ വിശദീകരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കെ ജി ജോര്‍ജ് ആണ് വിട പറഞ്ഞതെന്ന് ചോദ്യത്തില്‍ നിന്ന് മനസിലായിരുന്നില്ല. സമാനപേരിലുളള പഴയകാല സഹപ്രവര്‍ത്തകനാണ് മനസില്‍ വന്നത്. സംഭവത്തില്‍ കെജി ജോര്‍ജിനെ സ്‌നേഹിക്കുന്നവര്‍ക്കുണ്ടായ മനോവിഷമത്തില്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നെന്നും കെ സുധാകരന്‍ പറഞ്ഞു. 

''ഇന്ന് രാവിലെ കെ. ജി ജോര്‍ജ് മരണപ്പെട്ടതിനെ പറ്റി ചോദിച്ചപ്പോള്‍ അനുചിതമായ ഒരു പ്രസ്താവന എന്റെ ഭാഗത്തുനിന്നുണ്ടായി.  മലയാളത്തിന്റെ അഭിമാനമായ സിനിമാപ്രവര്‍ത്തകന്‍ കെ ജി ജോര്‍ജ് ആണ് നമ്മളോട് വിട പറഞ്ഞതെന്ന് ചോദ്യത്തില്‍ നിന്ന് എനിക്ക് മനസ്സിലായിരുന്നില്ല. സമാനപേരിലുളള എന്റെ പഴയകാല സഹപ്രവര്‍ത്തകനാണ് മനസ്സില്‍ വന്നത്. ഒരുപാട് രാഷ്ട്രീയ ചോദ്യങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ മേഖലയ്ക്ക് പുറത്തുനിന്നുള്ള ഒരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ആരാണ് മരണപ്പെട്ടതെന്ന് മാധ്യമപ്രവര്‍ത്തകര്‍ എന്നോട് കൃത്യമായി പറഞ്ഞില്ല. അവരോട് അത് ചോദിച്ചറിയാതിരുന്നത് എന്റെ ഭാഗത്തുനിന്നു വന്ന വീഴ്ചയായി അംഗീകരിക്കുന്നു.  പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പാലിക്കേണ്ട ജാഗ്രത ഇക്കാര്യത്തില്‍ ഉണ്ടായില്ല. വീഴ്ചകളില്‍ ന്യായീകരിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ല. അതുകൊണ്ടുതന്നെ എന്റെ പ്രതികരണത്തിലെ അനൗചിത്യത്തില്‍ എന്റെ പാര്‍ട്ടിയുടെ പ്രിയപ്പെട്ട പ്രവര്‍ത്തകര്‍ക്കും കെ ജി ജോര്‍ജിനെ സ്‌നേഹിക്കുന്നവര്‍ക്കും ഉണ്ടായ മനോവിഷമത്തില്‍ ഞാന്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു. എണ്ണം പറഞ്ഞ കലാസൃഷ്ടികള്‍ കൊണ്ട് മലയാള സിനിമാ ചരിത്രത്തില്‍ തന്റേതായ ഇരിപ്പിടം ഉറപ്പിച്ച കെ ജി ജോര്‍ജിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.''-കെ സുധാകരന്‍ പറഞ്ഞു. 

'ഞാന്‍ ജീവിച്ചിരിപ്പുണ്ട്...', സുധാകരന്റെ 'ആള് മാറി' പ്രതികരണത്തില്‍ പിസി ജോര്‍ജ് 
 

Follow Us:
Download App:
  • android
  • ios