കേസിൽ സത്യവാങ്മൂലം നൽകിയില്ല: കെ സ്വിഫ്റ്റ് നടപ്പാക്കൽ പ്രതിസന്ധിയിൽ

By Web TeamFirst Published Jan 8, 2022, 12:58 PM IST
Highlights

  സത്യവാങ്ങ്മൂലം സമര്‍പ്പിച്ചില്ലെന്ന്  ചൂണ്ടിക്കാട്ടിയാണ് കെഎസ്ആര്‍ടിസി നിയമവിഭാഗത്തിന്‍റെ ചുമതല വഹിക്കുന്ന പി.എന്‍.ഹേനയെ,എംഡി ബിജു പ്രഭാകര്‍ സസ്പെന്‍ഡ് ചെയ്തത്. 

തിരുവനന്തപുരം: കെഎസ്ആര്‍ടിസി നിയമവിഭാഗത്തിന്‍റെ ചുമതലയുള്ള പി.എന്‍.ഹേനയെ  സസ്പെന്‍ഡ് ചെയ്തതോടെ സര്‍ക്കാര്‍ രൂപീകരിച്ച പുതിയ കമ്പനിയായ കെ സ്വിഫ്റ്റ് നടപ്പാക്കല്‍ പ്രതിസന്ധിയില്‍. കെഎസ്ആർടിസിക്ക്  സമാന്തരമായി രൂപീകരിച്ച കെ സ്വിഫ്റ്റിനെതിരായ ഹൈക്കോടതിയിലെ കേസില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് പി.എന്‍.ഹേനയ്ക്കെതിരായ നടപടി. എന്നാല്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും സര്‍ക്കാരാണ് സത്യാവാങ്ങ്മൂലം നല്‍കേണ്ടെതെന്നും ഹേന, കെഎസ്ആര്‍ടിസി എംഡിയെ അറിയിച്ചു.

കെഎസ്ആര്‍ടിസിയെ നഷ്ടത്തിൽ നിന്ന് കരകയറ്റുന്നതിന്‍റെ ഭാഗമായി കൊട്ടിഘോഷിച്ച് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച പദ്ധതിയാണ് കെ സ്വിഫ്റ്റ്. സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള സര്‍വ്വീസുകളും , പുതിയ ബസ്സുകളും കെ സ്വിഫ്റ്റിലേക്ക് മാറ്റും, ലാഭത്തില്‍ നിന്ന് തിരിച്ചടവ് ഉറപ്പാക്കും,  എന്നൊക്കെയായിരുന്നു അവകാശ വാദം. എന്നാല്‍ പ്രതിപക്ഷ ട്രേഡ് യൂണിയനുകളായ ടിഡിഎഫും, കെഎസ്ടി എംപ്ളോയീസ് സംഘും കമ്പനി രൂപീകരണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. 

കെഎസ്ആര്‍ടിസിയുടെ റൂട്ടോ ബസ്സോ മറ്റൊരു കമ്പനിക്ക് കൈമാറാന്‍ നിയമമില്ല എന്നായിരുന്നു പ്രധാന വാദം. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുള്ള ബസ്സ് സ്വതന്ത്ര കമ്പനിക്ക് നല്‍കുന്നത് സ്റ്റേററ് ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസിനെ തകര്‍ക്കുമെന്നും ആക്ഷേപം ഉയര്‍ന്നു. ഈ സഹാചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റി. റൂട്ടും ബസ്സും കൈമാറില്ല. പകരം കെ സ്വിഫ്റ്റ് വാങ്ങുന്ന ബസ്സുകള്‍ കെഎസ്ആര്‍സിക്ക് വാടകക്ക് നല്‍കും. ഈ നിർദേശം സത്യവാങ്ങ്മൂലമായി ഡിസംബര്‍ 20 നകം സമര്‍പിക്കാന്‍ കോടതി  നിര്‍ദ്ദേശിച്ചു.

ഈ മാസം 7 വരെ സമയം നീട്ടി നല്‍കുകയും ചെയ്തു. എന്നാല്‍ ഇതുവരെ  സത്യവാങ്ങ്മൂലം സമര്‍പ്പിച്ചില്ലെന്ന്  ചൂണ്ടിക്കാട്ടിയാണ് കെഎസ്ആര്‍ടിസി നിയമവിഭാഗത്തിന്‍റെ ചുമതല വഹിക്കുന്ന പി.എന്‍.ഹേനയെ,എംഡി ബിജു പ്രഭാകര്‍ സസ്പെന്‍ഡ് ചെയ്തത്. അതേസമയം കേസ് നടത്തിപ്പിൽ വീഴ്ച വന്നിട്ടില്ലെന്നാണ് കെഎസ്ആര്‍ടിസി നിയമവിഭാഗത്തിൻ്റെ വിശദീകരണം.. കെഎസ്ആര്‍ടിസിയുടെ സത്യവാങ്മൂലം ഡിസംബര്‍ മാസത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സർക്കാരിൻ്റെ സത്യവാങ്ങ്മൂലാണ് സമര്‍പിക്കാനുള്ളത്. അതിന് കെഎസ്ആര്‍ടിസി നിയമവിഭാഗത്തിനെതിരെ  നടപടിയെടുക്കുന്നത് ശരിയല്ലെന്നും ഡെപ്യൂട്ടി ലോ ഓഫീസര്‍ എംഡിയെ  അറിയച്ചിട്ടുണ്ട്. കെ സ്വിഫ്റ്റിനെതിരായ കേസ് ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

tags
click me!