Health Dept. File : കാണാതായതോ കളവ് പോയതോ; സുരക്ഷിതമായി സൂക്ഷിച്ച അഞ്ഞൂറിലധികം ഫയലുകള്‍ നഷ്ടപ്പെട്ടതെങ്ങനെ?

By Web TeamFirst Published Jan 8, 2022, 12:42 PM IST
Highlights

ആരോ​ഗ്യവകുപ്പ് ഓഫീസിലെ സ്റ്റോറേജ് സ്പേസിലുള്ള അലമാരയിലാണ് ഈ ഫയലുകൾ സൂക്ഷിച്ചിരുന്നത്. സുരക്ഷാ ഉദ്യോ​ഗസ്ഥരും സിസിടിവി ക്യാമറകളും അടക്കമുള്ള സന്നാഹമുണ്ടായിട്ടും അഞ്ഞൂറിലേറെ ഫയലുകൾ എങ്ങനെ കാണാതായി എന്നത് സംശയാസ്പദമാണ്.

തിരുവനന്തപുരം: അഞ്ഞൂറിലേറെ സുപ്രധാന ഫയലുകൾ ആണ് ആരോ​ഗ്യവകുപ്പിൽ നിന്ന്  (Health Department) കാണാതായിരിക്കുന്നത്. കൃത്യമായ വിവരങ്ങൾ നൽകാതെ അന്വേഷണം നടത്താനാവില്ലെന്ന് പൊലീസ് പറയുന്നു. വിവരങ്ങൾ തേടി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കന്റോൺമെന്റ് പൊലീസ് കത്ത് അയച്ചെന്നാണ് പുറത്തുവരുന്ന വിവരം. കാണാതായ ഫയലുകള്‍ കൊവിഡ് കാല ഇടപാടുമായി ബന്ധപ്പെട്ടതല്ലെന്നും വളരെ പഴയ ഫയലുകളാണ് കാണാതായതെന്നും കെ എം എസ് സി എല്‍ രൂപീകൃതമായതിന് മുമ്പുള്ള ഫയലുകളാണിതെന്നും ആരോ​ഗ്യമന്ത്രി വിശദീകരിക്കുന്നു. 

ആരോ​ഗ്യവകുപ്പ് ഓഫീസിലെ സ്റ്റോറേജ് സ്പേസിലുള്ള അലമാരയിലാണ് ഈ ഫയലുകൾ സൂക്ഷിച്ചിരുന്നത്. സുരക്ഷാ ഉദ്യോ​ഗസ്ഥരും സിസിടിവി ക്യാമറകളും അടക്കമുള്ള സന്നാഹമുണ്ടായിട്ടും അഞ്ഞൂറിലേറെ ഫയലുകൾ എങ്ങനെ കാണാതായി എന്നത് സംശയാസ്പദമാണ്. അകത്തുള്ള ഉദ്യോ​ഗസ്ഥരുടെ അനുമതിയോടെ അല്ലാതെ ഇത്രയും ഫയലുകൾ കടത്താനാവില്ലെന്നാണ് വിലയിരുത്തൽ. ഈ ഫയലുകൾ മോഷ്ടിച്ചുകൊണ്ടു പോയിട്ട് പുറത്തു നിന്ന് ആർക്കെങ്കിലും ഉപകാരമുണ്ടാകാനിടയില്ല. 

ഏത് കാലഘട്ടത്തിലെ ഫയലാണ് നഷ്ടമായിരിക്കുന്നതെന്ന കാര്യത്തിൽ ആരോ​ഗ്യവകുപ്പിന് കൃത്യതയില്ല. ആരായിരുന്നു ഇതിന്റെ ചുമതലക്കാരൻ എന്നതാണ് മറ്റൊരു ചോദ്യം. എത്രത്തോളം ഫയലുകൾ സൂക്ഷിച്ചിരിക്കുന്നു, അവ എങ്ങനെയൊക്കെ കൈമാറിയിട്ടുണ്ട് എന്നതിലൊക്കെ ഈ ചുമതലക്കാരന് അറിവുണ്ടാവേണ്ടതാണ്. ഒരു കാലഘട്ടം കഴിയുമ്പോൾ ഫയലുകൾ നശിപ്പിച്ചുകളയുന്ന പതിവുണ്ട്. അങ്ങൻെ കളയാൻ വേണ്ടി സൂക്ഷിച്ച ഫയലുകളാണോ എന്നതിലും ധാരണയില്ല. 

വകുപ്പിനുള്ളിലെ അന്വേഷണത്തിലൂടെ തന്നെ കണ്ടെത്താവുന്ന കാര്യമാണ് ഇത്. ആരോ​ഗ്യവകുപ്പിന് വിജിലൻസ് സംവിധാനത്തിലൂടെ കണ്ടെത്താവുന്നതാണിത്.  ഒരു പൊലീസ് അന്വേഷണത്തിലൂടെ കണ്ടെത്താവുന്ന കാര്യമാണോ ഇത് എന്ന സംശയവും ബാക്കിയാണ്. രണ്ട് വകുപ്പുകളും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഈ അന്വേഷണം നീണ്ടു പോകാനുള്ള സാധ്യതയാണ് നിലവിലുള്ളത്. തങ്ങൾക്ക് കണ്ടെത്താൻ കഴിയാത്തതിനാലാണ് പൊലീസ് അന്വേഷണം ആവശ്യപ്പെട്ടതെന്നാണ് ആരോ​ഗ്യവകുപ്പ് പറയുന്നത്. കാണാതായി എന്ന രീതിയിൽ കേസ് എടുക്കാനാവില്ലെന്നും കളവ് പോയി എന്ന തരത്തിലാണെങ്കിലേ നടപടിയെടുക്കാനാവൂ എന്നുമാണ് പൊലീസ് പറയുന്നത്. കളവ് പോയി എന്ന തരത്തിൽ വിവരങ്ങൾ വ്യക്തമായാൽ മാത്രമേ എഫ്ഐആർ തയ്യാറാക്കാൻ പോലും പറ്റൂ എന്നും പൊലീസ് പറയുന്നു. 

Read Also: ആരോ​ഗ്യ വകുപ്പ് ഫയലുകൾ കാണാതായ സംഭവം;എല്ലാം പഴയത്, കൊവിഡ് കാല ഇടപാടുമായി ബന്ധമില്ലെന്ന് മന്ത്രി

click me!