
മലപ്പുറം: എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിന്റെ പിന്നില്‍ വര്‍ഗീയകലാപം സൃഷ്ടിക്കാനുള്ള പദ്ധതിയുണ്ടായിരുന്നോയെന്ന ചോദ്യവുമായി കെടി ജലീല്‍ എംഎല്‍എ. ട്രെയിന്‍ കത്തിക്കാന്‍ എന്തിനാണ് ഡല്‍ഹിയില്‍ നിന്ന് പ്രതി കോഴിക്കോട് എത്തിയതെന്നും അയാളെ ആരെങ്കിലും വിലക്കെടുത്ത് ചെയ്യിപ്പിച്ചതാണോ ആക്രമണമെന്നും ജലീല്‍ ചോദിച്ചു. ഉത്തര്‍പ്രദേശില്‍ രാമനവമി ദിനത്തില്‍ പശുക്കളെ അറുത്ത സംഭവത്തില്‍ ഭാരത് ഹിന്ദു മഹാസഭയിലെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതും ഇതില്‍ മുസ്ലീം യുവാക്കള്‍ക്കെതിരായ വ്യാജപരാതിയും ചൂണ്ടിക്കാണിച്ചാണ് ജലീലിന്റെ ചോദ്യങ്ങള്‍. ഇക്കാര്യങ്ങള്‍ എലത്തൂര്‍ കേസ് അന്വേഷണ സംഘം പരിശോധിക്കണമെന്ന് ജലീല്‍ ആവശ്യപ്പെട്ടു.
ജലീലിന്റെ ചോദ്യങ്ങള്‍: ''ട്രെയിന്‍ കത്തിക്കാന്‍ സൈഫി എന്തിനാണ് ഡല്‍ഹിയില്‍ നിന്ന് ദീര്‍ഘ ദൂരം യാത്ര ചെയ്ത് 'കോഴിക്കോട്ടെത്തിയത്'?
അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരും കണ്ണൂരും 'ഇങ്ങെടുക്കാന്‍' ആരെങ്കിലും നടത്തിയ ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നോ എലത്തൂരിലെ തീയ്യിടല്‍?. കോഴിക്കോട്ട് ഒരു വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ വല്ല പദ്ധതിയും ട്രൈന്‍ കത്തിക്കലിന് പിന്നില്‍ ഉണ്ടായിരുന്നോ?.
സൈഫിയെ ആരെങ്കിലും വിലക്കെടുത്ത് ചെയ്യിച്ചതാണോ പ്രസ്തുത പൈശാചിക കൃത്യം?. വരാന്‍ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ മുഖത്ത് വെച്ച് ഇത്തരമൊരു സംഭവം അരങ്ങേറാന്‍ പ്രത്യേക കാരണം വല്ലതുമുണ്ടോ?. ആഗ്രയിലെ ''പശുവിനെ അറുത്ത്' കലാപം സൃഷ്ടിക്കാനുള്ള പദ്ധതിയുടെ യാഥാര്‍ത്ഥ്യം പുറത്തായി കുറ്റവാളികള്‍ കയ്യോടെ പിടികൂടപ്പെട്ട സാഹചര്യത്തില്‍ മേല്‍ ചോദ്യങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുന്നുണ്ട്? ''
അതേസമയം, പ്രതി ഷാറൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഷാറൂഖ് മുമ്പും കേരളത്തില്‍ എത്തിയെന്ന സംശയത്തിലാണ് അന്വേഷണസംഘം. സംഭവ ദിവസം പ്രതി ഷൊര്‍ണൂരില്‍ ചിലവഴിച്ചത് 14 മണിക്കൂറാണ്. അവസാനം വിളിച്ച നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ആയ നിലയിലാണ്. ഷാറൂഖിന് ദില്ലിയില്‍ മലയാളികളുമായി ബന്ധമുണ്ടോ എന്നതിലും പരിശോധന നടക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ പേരെ കേരള പൊലീസ് ദില്ലിയില്‍ ചോദ്യം ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam