'ജലീല്‍ രാജിവയ്ക്കണം'; കെഎസ്‍യു മാര്‍ച്ച് സംഘര്‍ഷഭരിതം; ലാത്തിച്ചാര്‍ജ്, ജലപീരങ്കി പ്രയോഗിച്ചു

By Web TeamFirst Published Oct 16, 2019, 2:25 PM IST
Highlights

മന്ത്രി കെ ടി ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് കെ എസ് യു സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. പിഎസ് സിയിലെ പരീക്ഷാ ക്രമക്കേട്, എംജി സർവകലാശാലയിലെ മാർക്ക് ദാനവിവാദം എന്നിവയിൽ അന്വേഷണം വേണമെന്നും പ്രതിഷേധക്കാർ

തിരുവനന്തപുരം: മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെ ടി ജലീലിനെതിരായ കെ എസ് യു മാർച്ചിൽ സംഘർഷം. സെക്രട്ടേറിയേറ്റിലേക്ക് നടന്ന മാർച്ച് സംഘർഷത്തിൽ കലാശിച്ചു. കെഎസ് യു പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മന്ത്രി കെ ടി ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് കെ എസ് യു സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. പിഎസ്‍സിയിലെ പരീക്ഷാ ക്രമക്കേട്, എംജി സർവകലാശാലയിലെ മാർക്ക് ദാനവിവാദം എന്നിവയിൽ അന്വേഷണം വേണമെന്നും പ്രതിഷേധക്കാർ ആവശ്യമുന്നയിച്ചു.

പ്രതിഷേധത്തിനിടെ സമരക്കാർ ഗേറ്റ് കടന്ന് മുന്നേറാൻ ഉള്ള ശ്രമം പൊലീസ് തടഞ്ഞതോടെ ആണ് മാർച്ച് സംഘർഷത്തിൽ കലാശിച്ചത്. പൊലീസ് രണ്ടിലേറെ തവണ വിദ്യാർത്ഥികൾക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധത്തിനിടെ ഒരു വിദ്യാർത്ഥിനിക്ക് പരിക്കേറ്റിട്ടുണ്ട്. സമാധാനപരമായി മാർച്ച് നടത്തുന്നവർക്കെതിരെ പൊലീസ് അക്രമം കാട്ടിയെന്നാരോപിച്ച് വിദ്യാർത്ഥികൾ ഒരു മണിക്കൂറിലേറെ സെക്രട്ടേറിയേറ്റിന് മുന്നിൽ മുദ്രാവാക്യങ്ങളുയർത്തി. ഏറെ ശ്രമപ്പെട്ടാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്.  കഴിഞ്ഞ ദിവസം എംജി സർവകലാശാലയിലും മന്ത്രി കെ ടി ജലീലിനെതിരെ കെ എസ് യു പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. 

click me!