കേരളത്തിൽ കേസില്ലേ, പിന്നെന്തിന് ദില്ലിയിൽ കേസ്? കോടതിയിൽ പരാതിക്കാരന്‍റെ മറുപടി എന്താകും? വിധി ഉണ്ടാകുമോ!

By Web TeamFirst Published Sep 12, 2022, 1:35 AM IST
Highlights

എന്തിനാണ് ഒരേ പരാതിയില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ കേസെടുക്കുന്നത് എന്ന് വ്യക്തമാക്കാന്‍ കോടതി പരാതിക്കാരനോട് പറഞ്ഞിരുന്നു. ഇതിലാണ് കോടതി പരാതിക്കാരന്‍റെ വിശദമായ വാദം ഇന്ന് കേൾക്കുക

ദില്ലി: 'ആസാദ് കശ്മീർ' എന്ന ഫേസ്ബുക്ക് കുറിപ്പിലെ പരാമർശത്തില്‍ മുന്‍മന്ത്രി കെ ടി ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജി ദില്ലി റോസ് അവന്യൂ കോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക്  ശേഷം അഡീഷണല്‍ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റാണ് ഹർജി പരിഗണിക്കുന്നത്. നേരത്തെ പരാതിയില്‍ സ്വീകരിച്ച നടപടികൾ പൊലീസ് കോടതിയില്‍ റിപ്പോർട്ടായി നല്‍കിയിരുന്നു.

സമാന പരാതിയില്‍ കേരളത്തില്‍ കേസെടുത്തിട്ടുണ്ടെന്നും കോടതി നിർദേശിച്ചാല്‍ പുതിയ കേസെടുക്കാമെന്നുമാണ് തിലക് മാർഗ് പൊലീസ് കോടതിയെ അറിയിച്ചത്. എന്തിനാണ് ഒരേ പരാതിയില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ കേസെടുക്കുന്നത് എന്ന് വ്യക്തമാക്കാന്‍ കോടതി പരാതിക്കാരനോട് പറഞ്ഞിരുന്നു. ഇതിലാണ് കോടതി പരാതിക്കാരന്‍റെ വിശദമായ വാദം ഇന്ന് കേൾക്കുക. അഭിഭാഷകനായ ജി എസ് മണിയാണ് ജലീലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം പൊലീസിലും പിന്നീട് കോടതിയിലും പരാതി നല്‍കിയത്.

കെ ടി ജലീലിന്‍റെ ആസാദ് കശ്മീർ പരാമർശം: കോടതി ഉത്തരവ് ഉണ്ടെങ്കിലേ കേസ് എടുക്കൂ എന്ന് ദില്ലി പോലീസ്

ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നതാണ് പരാതിക്കാരന്‍റെ ഹര്‍ജിയിലെ ആവശ്യം. കേരളത്തിലെ നിയമനടപടികളില്‍ വിശ്വാസമില്ലെന്നും ഹര്‍ജിയില്‍ ഇദ്ദേഹം ആദ്യം തന്നെ വിശദീകരിച്ചിരുന്നു. ഇന്ത്യ അധീന കാശ്മീർ, ആസാദ് കാശ്മീർ തുടങ്ങിയ പരാമർശങ്ങളോട് കൂടിയ ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. അതേസമയം വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ കെ ടി ജലീലിനെതിരെ നേരത്തെ പത്തനംതിട്ട കീഴ്വായ്പ്പൂർ പൊലീസ് കേസെടുത്തിരുന്നു. കലാപ ആഹ്വാന ഉദ്ദേശത്തോടെയാണ് ജലീൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നാണ് എഫ് ഐ ആർ. കീഴ്വായ്പൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് കേസിൽ കെ ടി ജലീലിനെതിരെ രണ്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കൽ, പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് എന്നിവയാണ് വകുപ്പുകൾ. തീവ്രനിലപാടുള്ള ശക്തികളെ പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പർദ വളർത്താൻ ശ്രമിച്ചെന്നുമാണ് എഫ് ഐ ആ‌ർ.

വിഴിഞ്ഞത്ത് ഇടപെടുമോ? രാഹുൽ ഗാന്ധിയെ കാണാൻ സമരസമിതി; ഭാരത് ജോഡോ യാത്ര തലസ്ഥാനത്ത്, നഗരത്തിൽ ഗതാഗത നിയന്ത്രണം

ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീൽ ഭരണഘടനയെ അപമാനിക്കാൻ ശ്രമിച്ചെന്നും എഫ് ഐ ആറിൽ പറയുന്നുണ്ട്. ആ‌ർ എസ് എസ് ജില്ലാ പ്രചാരക് പ്രമുഖ് അരുൺ മോഹനാണ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവല്ല ജുഡീഷ്യൽ മഡജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും ജലീലിന്‍റെ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള തുടർ നടപടികളിലേക്ക് പൊലീസ് കടക്കുക.

click me!