കലാലയ സമരങ്ങൾക്കുള്ള വിലക്ക്: വിധി പകര്‍പ്പ് കിട്ടിയ ശേഷം തുടര്‍നടപടികള്‍, അപ്പീല്‍ പോകുമെന്ന് മന്ത്രി ജലീല്‍

By Web TeamFirst Published Feb 27, 2020, 4:55 PM IST
Highlights

രാഷ്ട്രീയ സംഘടനാ പ്രവർത്തനത്തിന്‍റെ പേരിൽ ക്യാമ്പസിനുള്ളില്‍ പഠിപ്പ് മുടക്കുന്നതും സമരം നടത്തുന്നതും മൗലികാവകാശത്തിനുമേലുളള കടന്നുകയറ്റമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

തിരുവനന്തപുരം: കലാലയ സമരങ്ങൾക്ക് നിരോധനമേർ‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്ന് മന്ത്രി കെ ടി ജലീല്‍. വിധിപകര്‍പ്പ് കിട്ടിയ ശേഷമായിരിക്കും തുടര്‍നടപടികള്‍ തീരുമാനിക്കുക. കലാലയങ്ങളില്‍ നിന്ന് പ്രതികരണ ശേഷി നഷ്ടപ്പെട്ട യുവത്വത്തെയല്ല സമൂഹം ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

രാഷ്ട്രീയ സംഘടനാ പ്രവർത്തനത്തിന്‍റെ പേരിൽ ക്യാമ്പസിനുള്ളില്‍ പഠിപ്പ് മുടക്കുന്നതും സമരം നടത്തുന്നതും മൗലികാവകാശത്തിനുമേലുളള കടന്നുകയറ്റമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പഠിക്കുന്നതിനാണ് സ്കൂളുകളിലും കോളേജുകളിലും വരുന്നത്. സമാധാനപരപമായ ചർച്ചകൾക്കോ സംവാദങ്ങൾക്കോ കോളജുകളിൽ ഇടമുണ്ടാകണം. എന്നാൽ പഠിപ്പു മുടക്കാൻ പ്രേരിപ്പിക്കുന്നതും വിദ്യാർഥികളെ  സമരത്തിനിറക്കുന്നതും നിയമവിരുദ്ധമാണെന്നും കോടതി ഉത്തരവിലുണ്ട്.  

കലാലയപ്രവർത്തനം തടസപ്പെടുത്തും വിധം പഠിപ്പുമുടക്കലോ സമരമോ ഉണ്ടായാൽ ഉത്തരവാദിത്തപ്പെട്ടവർ പൊലീസിനെ അറിയിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. പഠിപ്പ് തടസപ്പെടുത്തിയുളള കലാലായ രാഷ്ട്രീയങ്ങളും സമരങ്ങളും തടയണമെന്നാവശ്യപ്പെട്ട് വിവിധ കോളജുകളും സ്കൂളുകളും നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. കലാലയങ്ങളിൽ വിദ്യാർത്ഥി സമരങ്ങൾ വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും.

click me!