ജലീലിന്‍റെ രാജി ഗവർണർ അംഗീകരിച്ചു; പടിയിറക്കം ലോകായുക്ത ഉത്തരവിൽ ഹൈക്കോടതി വിധി വരാനിരിക്കെ

By Web TeamFirst Published Apr 13, 2021, 2:18 PM IST
Highlights

പാര്‍ട്ടിതലത്തിലെ ആലോചനയ്‍ക്ക് ഒടുവില്‍ മുഖ്യമന്ത്രി തന്നെയാണ് ജലീല്‍ രാജിവക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. രാജി രാഷ്ട്രീയ ധാർമികത ഉയർത്തിപിടിക്കാനെന്നും ലവലേശം തെറ്റ് ചെയ്തിട്ടില്ലെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്‍റെ രാജി ഗവർണർ അംഗീകരിച്ചു. ലോകായുക്ത ഉത്തരവിൽ ഹൈക്കോടതി വിധി വരാനിരിക്കെയാണ് ജലീലിന്‍റെ പടിയിറക്കം. ബന്ധുനിയമന കേസിൽ മന്ത്രിയെ പുറത്താക്കാൻ ലോകായുക്ത ഉത്തരവിട്ടിട്ടും പിന്തുണച്ച സിപിഎം ഒടുവിൽ കൈവിട്ടതോടെയായിരുന്നു രാജി. ലോകായുക്ത വിധിക്കെതിരായ ജലീലിൻ്റെ അപ്പീൽ ഹൈക്കോടതി പരിഗണിക്കുന്നതിന് മുമ്പെ മുഖ്യമന്ത്രി രാജിവെക്കാൻ നിർദ്ദേശിച്ചു. ലവലേശവും തെറ്റ് ചെയ്തിട്ടില്ലെന്നും ധാർമ്മികത ഉയർത്തിപ്പിടിക്കാനാണ് രാജിയെന്നുമാണ് ജലീലിൻ്റെ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

രണ്ടര വർഷത്തോളം നീണ്ട ബന്ധനിയമന വിവാദത്തിനൊടുവിൽ സർക്കാർ പടിയിറങ്ങാൻ ദിവസങ്ങൾ ശേഷിക്കെയാണ് കെ ടി ജലീലിൻ്റെ രാജി. വെള്ളിയാഴ്ചയാണ് അധികാര ദുർവ്വിനിയോഗവും സ്വജനപക്ഷപാതവും നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന ലോകായുക്തയുടെ അസാധാരണ ഉത്തരവ് വന്നത്. ധാർമ്മികതയുടെ പേരിലാണ് രാജിയെന്ന് ഇപ്പോൾ പറയുന്ന ജലീൽ വിധിവന്നപ്പോൾ പ്രഖ്യാപിച്ചത് തുടർനിയമനടപടി ആയിരുന്നു. നിയമനടപടിയെ പിന്തുണച്ച സിപിഎമ്മിന്റെ ധാർമ്മികതക്ക് നേരെ വരെ ചോദ്യങ്ങൾ ഉയർന്നപ്പോഴാണ് പാർട്ടി ജലീലിനെ കൈവിട്ടത്. ലോകായുക്ത വിധിപ്പകർപ്പ് കിട്ടിയ മുഖ്യമന്ത്രിക്ക് ലഭിച്ച ഉപദേശങ്ങളും രാജിയല്ലാതെ മറ്റ് വഴിയില്ലെന്നാണ്. ഇതുവരെ എല്ലാ വിവാദങ്ങളിലും ജലീലിന് കവചം തീർത്ത് പിണറായി വിജയൻ ഹൈക്കോടതി തീർപ്പിനായി കാത്തിരുന്ന ജലീലിനോട് ഒടുവിൽ രാജിവെക്കാൻ നി‍ദ്ദേശിച്ചു. 

വിഷയത്തില്‍ പാർട്ടി നേതാക്കളുമായും മുഖ്യമന്ത്രി ആലോചിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ജലീൽ എകെജി ഫ്ലാറ്റിലെത്തി കോടിയേരിയെ കണ്ടു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ നിന്നും സ്വകാര്യ വാഹനത്തിലായിരുന്നു യാത്ര. ഒപ്പം രാജിക്കത്ത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറി.  കൂടിക്കാഴ്ചയിൽ ജലീൽ ഹൈക്കോടതിയിലെ ഹർജി ഉന്നയിച്ചെങ്കിലും പാർട്ടി തീരുമാനം രാജിതന്നെയെന്ന് കോടിയേരി വ്യക്തമാക്കി. പിന്നാലെ എൻ്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം എന്ന് പറഞ്ഞ് രാജി പരസ്യമാക്കി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റെത്തി. ലോകായുക്തയുടെ അസാധാരണ വിധിയാണ് ഗത്യന്തരമില്ലാതെയുള്ള രാജിയുടെ കാരണമെങ്കിലും രൂക്ഷമായ ഭാഷയിലെ പഴി മുഴുവൻ  മാധ്യമങ്ങൾക്കും വലതുപക്ഷത്തിനുമാണ്.

click me!