K V Thomas Hope : രാജ്യസഭ മോഹം ഉപേക്ഷിക്കാതെ കെ വി തോമസ്; താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തി

Published : Mar 11, 2022, 03:41 PM IST
K V Thomas Hope : രാജ്യസഭ മോഹം ഉപേക്ഷിക്കാതെ കെ വി തോമസ്; താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തി

Synopsis

സീറ്റ് ആ‌ർക്ക് നൽകണമെന്ന കാര്യത്തിൽ കോൺ​ഗ്രസിൽ ഇത് വരെ ധാരണയായിട്ടില്ല. ഒരു പദവിക്കും ആരും അയോഗ്യരല്ലെന്നാണ് കെ വി തോമസ് പറയുന്നത്.  

തിരുവനന്തപുരം: രാജ്യസഭ സീറ്റിനായി സമ്മർദ്ദം തുടർന്ന് കെ വി തോമസ് (K V Thomas). എഐസിസി ആസ്ഥാനത്തെത്തി താരിഖ് അൻവറുമായി കെ വി തോമസ് കൂടിക്കാഴ്ച നടത്തി. ഒരു പദവിക്കും ആരും അയോഗ്യരല്ലെന്നാണ് കെ വി തോമസ് പറയുന്നത്. രാജ്യസഭയിലേക്ക് കോണ്‍ഗ്രസിന് ജയിപ്പിക്കാൻ കഴിയുന്ന ഒരു സീറ്റിൽ ഇത്തവണ എ കെ ആന്‍റണി ഇല്ല എന്ന് വ്യക്തമായതോടെ കെവി തോമസ് ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.  

സീറ്റ് ആ‌ർക്ക് നൽകണമെന്ന കാര്യത്തിൽ കോൺ​ഗ്രസിൽ ഇത് വരെ ധാരണയായിട്ടില്ല. മുതിർന്ന നേതാവിനാണോ യുവനേതാവിനാണോ പരി​ഗണന നൽകേണ്ടതെന്ന് പാ‌ട്ടി തീരുമാനിച്ചിട്ടില്ല. സീനിയർ നേതാവിനാണ് അവസരമെങ്കിൽ മുല്ലപ്പള്ളി രാമചന്ദ്രനും ചെറിയാൻ ഫിലിപ്പും സീറ്റിനായി കളത്തിലുണ്ട്. പിന്നോക്ക വിഭാഗത്തിൽ നിന്നും ഒരാൾ വേണമെന്നാണ് തീരുമാനമെങ്കിൽ പന്തളം സുധാകരനാണ് സാധ്യത. യുവനേതാക്കളിൽ വി ടി ബൽറാമിനും എം ലിജുവിനും വേണ്ടിയാണ് കരുനീക്കങ്ങൾ.

എ, ഐ ​ഗ്രൂപ്പുകൾ ഊഴം വച്ച് സീറ്റ് പകുത്തിരുന്ന കാലമല്ല ഇപ്പോൾ കേരളത്തിലെ കോൺ​ഗ്രസിൽ. ​ഗ്രൂപ്പ് സമവാക്യങ്ങളെല്ലാം മാറി മറിഞ്ഞു. വി ‍ഡി സതീശനും കെ സുധാകരനുമാണ് ഇപ്പോൾ പാർട്ടിയിലെ ശക്തികേന്ദ്രങ്ങൾ. പുനസംഘടന സംബന്ധിച്ച കാര്യങ്ങളിൽ ഇരുവരും അകൽച്ചയിലാണെങ്കിലും രാജ്യസഭ സീറ്റ് വിഷയത്തിൽ രണ്ട് നേതാക്കളും സമയവായത്തിലെത്തുമെന്നാണ് വിവരം.

ആരാണ് കെ വി തോമസ് ?

തേവര എസ് എച്ച് കോളേജിൽ 33 വർഷം കെമിസ്ട്രി അധ്യാപകനായിരുന്ന പ്രൊഫസ‌ർ കുറുപ്പശ്ശേരി വർക്കി തോമസ് പഞ്ചായത്ത് അം​ഗം മുതൽ കേന്ദ്ര മന്ത്രി സ്ഥാനം വരെ എത്തിയ നേതാവാണ്. 1970 - 75 കാലത്ത് കോൺഗ്രസ് വാർഡ് കമ്മിറ്റി അധ്യക്ഷനായ തോമസ് 1977 മുതൽ കെപിസിസി അംഗവും 1984 മുതൽ എഐസിസി അംഗവുമാണ്. 

1984ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പൽ എറണാകുളം ലോക്സഭ മണ്ഡലത്തിൽ നിന്ന് ജയിച്ചാണ് കെ വി തോമസ് ആദ്യമായി പാ‌ലമെന്റിൽ എത്തുന്നത്. പിന്നീട് 1989ലും, 1991ലും എറണാകുളത്ത് നിന്ന് തന്നെ ജയിച്ച് ലോകസഭയിലെത്തി. 1987 മുതൽ 2001 വരെ എറണാകുളം ഡിസിസി പ്രസിഡൻ്റായിരുന്നു. 1992 മുതൽ 1997 വരെ കെപിസിസി ട്രഷറർ സ്ഥാനം വഹിച്ചു. 1996ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളം സീറ്റിൽ നിന്ന് ഇടതു സ്വതന്ത്രനായി മത്സരിച്ച സേവ്യർ അറക്കൽലിനോട് തോറ്റു. ഇതിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തിലായി കെവി തോമസിന്റെ ശ്രദ്ധം. 2001ൽ എറണാകുളം അസംബ്ലി മണ്ഡലത്തിൽ നിന്ന് നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2001മുതൽ 2004 വരെ ആൻ്റണി മന്ത്രിസഭയിലെ അം​ഗമായിരുന്നു. എക്സൈസ്, ടൂറിസം, ഫിഷറീസ് വകുപ്പുകളായിരുന്നു കെ വി തോമസ് കൈകാര്യം ചെയ്തിരുന്നത്. 2006ലും എംഎൽഎയായി.  2009ൽ എംഎൽഎ ആയിരിക്കെ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ എറണാകുളം ലോക്സഭ മണ്ഡലത്തിൽ നിന്ന് വീണ്ടും പാർലമെൻ്റിലേക്ക് ജയിച്ചു.

2009ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ  സിപിഎം സ്ഥാനാർത്ഥി സിന്ധു ജോയിയെ തോൽപ്പിച്ചാണ് നാലാമതും എംപിയായത്. രണ്ടാം യുപിഎ സർക്കാരിൽ സ്വതന്ത്ര ചുമതലയോടെ കൃഷി, ഉപഭോക്തൃകാര്യം, ഭക്ഷ്യം, പൊതുവിതരണം വകുപ്പുകളുടെ സഹമന്ത്രിയായി. 2014ൽ നടന്ന പതിനാറാം ലോക്സഭ തെരഞ്ഞെടുപ്പിൽ അഞ്ചാമത്തെ തവണയും എറണാകുളത്ത് നിന്ന് തന്നെ ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

2019ലെ പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പിൽ പക്ഷേ സീറ്റി നിഷേധിക്കപ്പെട്ടു. എറണാകുളം മണ്ഡലത്തിൽ നിന്ന് തോമസിന് പകരം സിറ്റിംഗ് എംഎൽഎയായിരുന്ന ഹൈബി ഈഡനായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി. തീരുമാനത്തിൽ കെ വി തോമസിന് കടുത്ത എതി‌ർപ്പുണ്ടായിരുന്നു. കേരളത്തിലെ പാർട്ടി നേതൃത്വവുമായി ഇതേ ചൊല്ലി തെറ്റി. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി വിടുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പാ‌ർട്ടി കെപിസിസി വ‌ർക്കിം​ഗ് പ്രസിഡൻ്റ് സ്ഥാനം നൽകി തോമസിനെ അനുനയിപ്പിച്ചു. 2021 ഫെബ്രുവരി പതിനൊന്ന് മുതൽ കെപിസിസിയുടെ വർക്കിംഗ് പ്രസിഡൻ്റായി പ്രവ‌ർത്തിക്കുകയാണ്. 

രാഷ്ട്രീയ ജീവത്തിന്റെ ഭൂരിഭാ​ഗവും ഉയ‌ർന്ന പദവികൾ വഹിച്ചിട്ടുള്ള കെ വി തോമസ് നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. എന്‍റെ ലീഡർ, എന്‍റെ കുമ്പളങ്ങി, എന്‍റെ കുമ്പളങ്ങിക്ക് ശേഷം, അമ്മയും മകനും, സോണിയ പ്രീയങ്കരി, കുമ്പളങ്ങിക്ക് ശേഷം എന്നിവയാണ് കെ വി തോമസിന്റെ കൃതികൾ. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൃശ്ശൂരിൽ അട്ടിമറിയോ? യുഡിഎഫിന് വൻ മുന്നേറ്റം, എൻഡിഎ രണ്ടാമത്; ലീഡ് നിലയിൽ പിന്നിൽ എൽഡിഎഫ്
കുടുംബത്തോടൊപ്പം സന്നിധാനത്ത് എത്തി ഡിജിപി, എല്ലാ ഭക്തർക്കും ഉറപ്പ് നൽകി; സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി