
കൊച്ചി : മഹാരാജാസ് കോളേജ് വ്യാജരേഖ കേസിൽ കുറ്റാരോപിതയായ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ മലക്കം മറിഞ്ഞ് മുൻ കാലടി വിസി ധർമരാജ് അടാട്ട്. സർവകലാശാലാ മാനദണ്ഡമനുസരിച്ച് വിദ്യയ്ക്ക് പ്രവേശനം നൽകിയെന്നായിരുന്നു മുൻ വിസി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സർവകലാശാല മാനദണ്ഡം അനുസരിച്ചായിരുന്നില്ലെന്നും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നുമുള്ള ധർമരാജ് അടാട്ടിന്റെ സംഭാഷണം പുറത്ത് വന്നു. വിദ്യയ്ക്ക് പ്രവേശനം നൽകിയത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലെന്നാണ് വിസിയായിരിക്കെ തന്നെ വന്നു കണ്ട വിദ്യാർഥികളോട് ധർമരാജ് അടാട്ട് പറഞ്ഞത്.
വിദ്യയുടെ പിഎച്ച്ഡി പ്രവേശനം; സംവരണ അട്ടിമറിയിൽ കേസെടുത്ത് എസ് സി, എസ് ടി കമ്മീഷൻ
സകല സർവകലാശാല മാനദണ്ഡങ്ങളും പാലിച്ചാണ് വിദ്യയുടെ 2022 ലെ പി എച്ച് ഡി പ്രവേശനമെന്നും സംവരണ മാനദണ്ഡങ്ങൾ അട്ടിമറിച്ചിട്ടില്ലെന്നുമായിരുന്നു മുൻ വി സിയുടെ നിലപാട്. എന്നാൽ വിദ്യയെ പ്രവേശിപ്പിച്ചത് ചോദ്യം ചെയ്ത് മറ്റ് വിദ്യാർഥികൾ ഡോ. ധർമരാജ് അടാട്ടിനെ കണ്ടപ്പോഴാണ് കോടതിയുത്തരവെന്ന് മറുപടി നൽകിയത്.
സർവകലാശാല മാനദണ്ഡം അനുസരിച്ച് പി എച്ച്ഡി പ്രവേശനത്തിന് 20 ശതമാനം സംവരണം വേണമെന്നിരിക്കെ വിദ്യയെ പ്രവേശിപ്പിച്ചത് കോടതിയുത്തരവിന്‍റെ മാത്രം അടിസ്ഥാനത്തിലെന്നാണ് അന്ന് വിസി പറഞ്ഞത്. അതായത് ലിസ്റ്റിൽ അവസാനക്കാരിയായി വിദ്യയെ ഉൾപ്പെടുത്തിയത് കോടതിയുത്തരവ് മാത്രം പരിഗണിച്ചാണ്. വിദ്യയ്ക്ക് സീറ്റ് നൽകണമെന്നല്ലല്ലോ അപേക്ഷ പരിഗണിക്കാനല്ലേ കോടതി നിർദേശമെന്ന വിദ്യാർഥികളുടെ മറു ചോദ്യത്തിന് നിങ്ങളും കോടതിയിൽ പോയി ഉത്തരവ് സമ്പാദിക്കെന്നായിരുന്നു മറുപടി. 2020 ൽ മലയാള വിഭാഗത്തിൽ പിഎച്ച് ഡിക്കായി പത്തുസീറ്റാണ് കാലടിയിൽ ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് 5 സീറ്റ് കൂടി വർധിപ്പിച്ചു. ഈ അധിക പട്ടികയിലാണ് അവസാന സ്ഥാനക്കാരിയായി വിദ്യ കടന്നുകൂടിയത്. അധിക സീറ്റിന് സംവരണ മാനദണ്ഡം ബാധകമല്ലെന്നായിരുന്നു ഡോ. ധർമരാജ് അടാട്ടിന്‍റെ കഴിഞ്ഞ ദിവസത്തെ നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam