
തിരുവനന്തപുരം: പതിമൂന്ന് ജില്ലാ സഹകരണ ബാങ്കുകള്‍ കേരളാ ബാങ്കില്‍ ലയിപ്പിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍. ഹൈക്കോടതിയിലെ കേസുകളുടെ തീര്‍പ്പിനനുസരിച്ച് ലയനം പൂര്‍ത്തിയാക്കും. പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പാണ് ബാങ്ക് വൈകാന്‍ കാരണമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വലിയ പ്രതിസന്ധികളും നിയമപ്രശ്നങ്ങളും മറികടന്നാണ് കേരള ബാങ്ക് രൂപീകരണത്തിനുള്ള അവസാന കടമ്പ സര്‍ക്കാര്‍ കടന്നത്. ബാങ്ക് രൂപീകരണത്തിന് അനുകൂലമായി സംസ്ഥാനത്ത് 13 ജില്ലാ ബാങ്കുകളും പ്രമേയം പാസാക്കിയിരുന്നുവെങ്കിലും മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഇതിനെ എതിര്‍ത്തിരുന്നു.
ഇതോടെ കേരള ബാങ്ക് രൂപീകരണം പ്രതിസന്ധിയിലായി. ഒടുവില്‍ പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടു വന്നാണ് ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചത്. ഈ നടപടി ആര്‍ബിഐ അംഗീകരിച്ചതോടെയാണ് കേരള ബാങ്ക് രൂപീകരണത്തിന് കളമൊരുങ്ങുന്നത്. ഇതോടെ വരുന്ന കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തിന്‍റെ സ്വന്തം ബാങ്കായി കേരളാബാങ്ക് പ്രവര്‍ത്തനമാരംഭിക്കും. സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളേയും സംസ്ഥാന സഹകരണബാങ്കില്‍ ലയിപ്പിച്ച് അതിനെ കേരള ബാങ്കായി പുനര്‍നാമകരണം ചെയ്യാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതി. ഇതിനുള്ള പ്രാഥമികമായ അപേക്ഷ തത്ത്വത്തില്‍ അംഗീകരിച്ച റിസര്‍വ് ബാങ്ക് കേരള ബാങ്ക് രൂപീകരണത്തിന് 19 നിബന്ധകളും മുന്നോട്ടു വച്ചു.
എല്ലാ ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളും പൊതുയോഗം വിളിച്ച് അതില്‍ രണ്ടില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ലയനത്തിന് അനുകൂലമായി പ്രമേയം പാസാക്കണമെന്നൊരു നിബന്ധന ഇതിലുണ്ടായിരുന്നു. ആര്‍ബിഐ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ 13 ജില്ലകളിലെ സഹകരണബാങ്കുകളും പൊതുയോഗം വിളിച്ച് ലയനത്തിന് അനുകൂലമായി പ്രമേയം പാസാക്കിയെങ്കിലും യുഡിഎഫ് നിയന്ത്രണത്തിലുള്ള മലപ്പുറം സഹകരണബാങ്കിന്‍റെ ഭരണസമിതി യോഗം ചേര്‍ന്ന് കേരള ബാങ്കിന് എതിരായി പ്രമേയം പാസാക്കി. ഇതോടെ കേരള ബാങ്ക് രൂപീകരണത്തിനുള്ള നടപടികളും അവതാളത്തിലായി.
ഇതേ തുടര്‍ന്ന് പൊതുഭരണസമിതി യോഗത്തില്‍ മൃഗീയ ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കേണ്ടതില്ലെന്നും യോഗത്തിന്‍റെ അംഗീകാരം മാത്രം നേടിയാല്‍ മതിയെന്നുമുള്ള ഭേദഗതിയോടെ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. ഈ നിയമഭേദഗതി സര്‍ക്കാര്‍ ആര്‍ബിഐക്ക് അയച്ചു കൊടുത്തു. ഈ പരിഷ്കാരം ആര്‍ബിഐ അംഗീകരിച്ചതോടെയാണ് കേരളബാങ്ക് രൂപീകരണത്തിന് വഴിയൊരുങ്ങിയത്. അതേസമയം കേരള ബാങ്ക് രൂപീകരണത്തെ എതിര്‍ക്കുന്ന മലപ്പുറം ജില്ലാ ബാങ്കിന്‍റെ ഗതിയെന്താവും എന്നും കേരള ബാങ്ക് രൂപീകരണത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ആര്‍ബിഐ മുന്നോട്ട് വച്ചിട്ടുണ്ടോ എന്നും ഇനിയും വ്യക്തമായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam