
മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻറെ സസ്പെന്‍ഷന്‍ നീട്ടി. മദ്യപിച്ച് വാഹനമോടിച്ച് ബോധപൂർവ്വം അപകടമുണ്ടാക്കിയിട്ടില്ലെന്ന ശ്രീറാമിൻറെ വിശദീകരണം തള്ളിയാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തീരുമാനമെടുത്തത്
ഓഗസ്റ്റ് മൂന്നിന് പുലർച്ചയാണ് മദ്യലഹരിയിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കെ.എം.ബഷീർ മരിക്കുന്നത്. അപകടത്തിന് ശേഷം കേസിൽ നിന്നും രക്ഷപ്പെടാനായി ശ്രീറാം പൊലീസിന് തെറ്റായ മൊഴി നൽകി. സർവ്വീസ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി കേസിൽ പ്രതിയായ ശ്രീറാമിനെ അടുത്ത ദിവസം സർക്കാർ സസ്പെന്‍ഡ് ചെയ്തു. ശ്രീരാമിന് സർക്കാർ കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. എന്നാൽ സർക്കാര്‍ നൽകിയ നോട്ടീസിലെ എല്ലാം കാര്യങ്ങളും നിഷേധിച്ചാണ് ശ്രീറാമിറെ മറുപടി.
മദ്യപിച്ച് വാഹനമോടിച്ചിട്ടില്ലെന്നും വ്യാജ രേഖയുണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് ശ്രീറാമിൻറെ വിശദീകരണം. മാത്രമല്ല വിശദീകരണം തള്ളുകയാണെങ്കിൽ തന്നിൽ നിന്നും നേരിട്ട വിശദീകരണം കേള്‍ക്കാനുള്ള അവസരമുണ്ടാകണമെന്നും മറുപടിയിൽ പറഞ്ഞു. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ കാലവാധി 60 ദിവസത്തിനുളളിൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പരിശോധിക്കണമെന്നാണ് ചട്ടം.
ഈ മാസം നാലിന് ചേർന്ന സമിതി യോഗം ശ്രീറാമിൻറെ വിശദീകരണം തള്ളി. പൊലീസ് അന്വേഷണം തുടരുന്ന സാഹചര്യത്തിൽ സസ്പെൻഷൻ 60 ദിവസം കൂടി നീട്ടാൻ സമിതി തീരുമാനിച്ചു. അതേ സമയം എഡിജിപി ഷെയ്ക്ക് ദർവ്വേസ് സാഹിബിൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതുവരെ ബഷീർ കേസിൽ കുറ്റപത്രം സമർപ്പിച്ചില്ല. ചില ഫൊറൻസിക് ഫലങ്ങള്‍ കൂടി ലഭിക്കേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. ബോധപൂർവ്വമല്ലാത്ത നരഹത്യക്കാണ് ശ്രീമാറിനെതിരെ കേസേടുത്തിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam