'തലസ്ഥാനത്തെ ഭക്ഷണ വിതരണക്കാര്‍ക്ക് പരിശോധന'; നഗരം അഗ്നിപര്‍വതത്തിന് മുകളിലെന്ന് കടകംപള്ളി

By Web TeamFirst Published Jul 5, 2020, 9:40 AM IST
Highlights

രോഗം സ്ഥിരീകരിച്ച കുമരിച്ചന്തയിലെ മത്സ്യവില്‍പ്പനക്കാരന് കന്യാകുമാരി ബന്ധമുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയായ മെഡിക്കൽ റെപ്രസെന്‍റേറ്റീവിന് ധാരാളം ഡോക്ടര്‍മാരുമായി  ബന്ധമുണ്ടെന്നും മന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: തലസ്ഥാനത്ത് സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സമ്പര്‍ക്ക രോഗികള്‍ കൂടുന്നത് ഗൗരവത്തോടെയാണ് കാണുന്നത്. തിരുവനന്തപുരത്ത് നിയന്ത്രണം കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു. സാമൂഹിക വ്യാപനം ഉണ്ടാകില്ലെന്ന് കരുതുന്നില്ല. ഉണ്ടായാല്‍ മറച്ചുവെക്കില്ല, സര്‍ക്കാര്‍ തന്നെ ആദ്യം പറയും. രോഗം സ്ഥിരീകരിച്ച കുമരിച്ചന്തയിലെ മത്സ്യവില്‍പ്പനക്കാരന് കന്യാകുമാരി ബന്ധമുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയായ മെഡിക്കൽ റെപ്രസെന്‍റേറ്റീവിന് ധാരാളം ഡോക്ടര്‍മാരുമായി ബന്ധമുണ്ടെന്നും മന്ത്രി പറഞ്ഞു. 

ഡെലിവറി ബോയിക്ക് രോഗം സ്ഥിരീകരിച്ചതോടെ നഗരത്തിലെ മുഴുവൻ ഭക്ഷണ വിതരണ ജീവനക്കാര്‍ക്കും രണ്ടുദിവസത്തിനുള്ളില്‍ ആന്‍റിജന്‍ പരിശോധന നടത്താനാണ് തീരുമാനം. ഇന്നും നാളെയുമായി പരിശോധനകളുടെ എണ്ണം കൂട്ടുമെന്നും തലസ്ഥാനത്തെ ആശുപത്രികള്‍ സജ്ജമെന്നും മന്ത്രി പറഞ്ഞു. 

സൊമാറ്റോ ഡെലിവറി ബോയിക്ക് രോഗം സ്ഥീകരിച്ചതോടെ കണ്ടെയിന്‍മെന്‍റ് മേഖലകളിൽ ഭക്ഷണ വിതരണം അവസാനിപ്പിച്ചു. കുന്നത്തുകാൽ സ്വദേശിയായ സൊമാറ്റോ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. പാളയം മത്സ്യമാർക്കറ്റിന് പിന്നിലെ ലോഡ്ജിലായിരുന്നു താമസം. നഗരത്തിലെ പലപ്രധാന ഹോട്ടലുകളിൽ നിന്നും മിക്ക സ്ഥലങ്ങളിലേക്കും ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്. ബുധനാഴ്ചയാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. ക്വാറന്‍റീനില്‍ കഴിയുന്നവരുടെ വീടുകളിലെ ഭക്ഷണം വിതരണത്തിലൂടെയാകാം രോഗം പിടിപ്പെട്ടത് എന്നാണ് നിഗമനം.

ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ തലസ്ഥാനം കൂടുതല്‍ ജാഗ്രതയിലേക്ക് കടക്കുകയാണ്. തിരുവനന്തപുരത്ത് നാല് നിയന്ത്രിത മേഖലകള്‍ കൂടി പ്രഖ്യാപിച്ചു. വെള്ളനാട് ഗ്രാമപഞ്ചായത്തിലെ വെള്ളനാട് ടൗണും കണ്ണമ്പള്ളിയും പാളയം മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള വാണിജ്യ മേഖലയിലും നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാവശങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തലസ്ഥാനത്ത് നിരീക്ഷണവും ജാഗ്രതയും കൂട്ടാനാണ് ജില്ലാഭരണകൂടത്തിന്‍റെ തീരുമാനം. 

 

click me!