
തിരുവനന്തപുരം: സാമൂഹ്യ വ്യാപന സംശയിച്ചിരുന്ന തിരുവനന്തപുരം പോത്തൻകോട് ആശങ്കയൊഴിഞ്ഞുവെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ. പരിശോധിച്ച എല്ലാ ആളുകളുടേയും ഫലം നെഗറ്റീവായിരുന്നെന്ന് മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഇന്ന് ഇതുവരെ ഒമ്പത് പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്
കൊവിഡ് ബാധിച്ച് പോത്തൻകോട് സ്വദേശിയായ അബ്ദുൾ അസീസ് മരിച്ചതോടെയാണ് ആ മേഖലയാകെ ആശങ്കയിലായത്. മരണം, വിവാഹം, ആരാധനാലയങ്ങളിലെ പ്രാർത്ഥന ചടങ്ങുകൾ എന്നിവയിലെല്ലാം പങ്കെടുത്ത അസീസിൽ നിന്നും എത്ര പേർക്ക് പകർന്നിരിക്കാമെന്നും സംശയമുയർന്നിരുന്നു. ഇതെ തുടർന്ന് 215 പേരുടെ സാമ്പിളുകളാണ് ഈ മേഖലയിൽ നിന്നും പരിശോധിച്ചത്. അസീസിന്റെ കുടുംബാംഗങ്ങൾക്ക് രോഗമില്ലെന്ന് ആദ്യമേ കണ്ടെത്തി. കിട്ടാനുണ്ടായിരുന്ന 61 ഫലം കൂടി നെഗറ്റീവ് ആണെന്ന് തെളിഞ്ഞതോടെ പോത്തൻകോട് പൂർണ്ണ ആശ്വാസം. എന്നാൽ അസീസിന്റെ വൈറസ് ബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല.
അതേസമയം, ചികിത്സയിലുണ്ടായിരുന്ന കൂടുതൽ പേർ രോഗമുക്തി നേടുന്നതിന്റെ ആശ്വാസത്തിലാണ് സംസ്ഥാനം. എറണാകുളത്ത് ചികിത്സയിലുണ്ടായിരുന്ന ആറ് ബ്രിട്ടീഷ് പൗരൻമാർ ആശുപത്രി വിട്ടു. ഇടുക്കിയിൽ പൊതുപ്രവർത്തകനിൽ നിന്ന് രോഗം പകർന്ന 2 പേരാണ് ആശുപത്രി വിട്ടത്. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം തിരൂർ സ്വദേശിയും ആശുപത്രി വിട്ടു. തൃശ്ശൂരിൽ ചികിത്സയിലുണ്ടായിരുന്ന സൂറത്ത് സ്വദേശിയായ വസ്ത്ര വ്യാപാരിയുടെ രണ്ടാമത്തെ ഫലവും നെഗറ്റീവായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam