
കോഴിക്കോട്: വ്യാജ കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. കഴിഞ്ഞ മാസം 16 നാണ് ജിതിൻ ഭാസ്കറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ രണ്ടുതവണ വടകര കോടതി തള്ളിയതോടെയാണ് ജില്ലാ കോടതിയെ സമീപിച്ചത്. 18 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. ജിതിൻ മനപ്പുർവം തെളിവ് നശിപ്പിച്ചെന്നും ജാമ്യം നൽകിയാൽ മറ്റു തെളിവുകളും നശിപ്പിക്കാൻ സാധ്യത ഉണ്ടെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. കേസ് ഡയറി പരിശോധിച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്. പോലീസ് കസ്റ്റഡി ആവശ്യപ്പെടാത്തതിനെ കാസിമിന്റെ അഭിഭാഷകൻ വിമർശിച്ചിരുന്നു.
വിവാദങ്ങള്‍ നിറഞ്ഞ് നിന്ന വടകരയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന നിമിഷം വന്നുവീണ ബോംബായിരുന്നു കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദം. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ അഞ്ച് നേരം നിസ്കരിക്കുന്ന ദീനിയായ മുസ്ലിമായും കെകെ ശൈലജെയ കാഫിറായും ചിത്രീകരിച്ചുള്ളതായിരുന്നു വിവാദ സ്ക്രീന്‍ ഷോട്ട്. യൂത്ത് ലീഗ് പ്രവർത്തകന്‍ മുഹമ്മദ് കാസിമിനെയാണ് കേസില്‍ ആദ്യം പൊലീസ് പ്രതി ചേർത്തത്. ഹൈക്കോടതി ഇടപടെലിനെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഡിവൈഎഫ്ഐ പ്രവർത്തകന്‍ റിബേഷ് രാമകൃഷ്ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി. തുടർന്ന് അന്വേഷണം മുന്നോട്ട് പോയില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam