
കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ സിപിഎമ്മിലെ ഉന്നതരെന്ന് ഷാഫി പറമ്പിൽ എംപി. പ്രചരിപ്പിച്ചവരേ മാത്രമല്ല പിന്നിൽ പ്രവർത്തിച്ചവരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഷാഫി ആവശ്യപ്പെട്ടു. അതേസമയം, വ്യാജ സ്ക്രീൻഷോട്ട് പങ്കുവെച്ചവരേയും പ്രതിചേർക്കാനാണ് എസ്ഐടി നീക്കം. തെരഞ്ഞെടുപ്പ് കാലത്തെ സിപിഎമ്മിന്റെ മുഖംമൂടിയാണ് അഴിഞ്ഞുവീണതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍, നടക്കുന്നത് രാഷ്ട്രീയ പ്രേരിതമായ അന്വേഷണമെന്നായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതികരണം.
തെരഞ്ഞെടുപ്പ് ജയിക്കാനായി സിപിഎം ആസൂത്രണം ചെയ്ത വർഗീയ ബോംബായിരുന്നു കാഫിർ സ്ക്രീൻ ഷോട്ട്. നിർമ്മിച്ചതിന് പിന്നിൽ സിപിഎമ്മിലെയും പിണറായി സർക്കാറിലേയും ഉന്നതർക്ക് പങ്കുണ്ട്. എല്ലാവരേയും നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നാണ് ഷാഫി ആവശ്യപ്പെടുന്നത്. ഡിവൈഎഫ്ഐ, സിപിഎം നേതാവ് തന്നെ പ്രതിയായതോടെ, അന്ന് തനിക്കെതിരെ പ്രചാരണം നടത്തിയവർ മാപ്പ് പറയണമെന്നും ഷാഫി ആവശ്യപ്പെട്ടു.
കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ നേരിട്ട് 200 പേർക്ക് സ്ക്രീൻ ഷോട്ട് പങ്കുവച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തി. വ്യാജ സ്ക്രീൻ ഷോട്ട് ഷെയർ പങ്കുവച്ചവരേയും പ്രതിചേർക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇടതുപക്ഷത്തിന് ഒരു വ്യാജ നിർമ്മിതിയുടേയും ആവശ്യമില്ലെന്നായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതികരണം. ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ അന്വേഷണമെന്നും വിമർശനം. വോട്ട് ലക്ഷമിട്ട് സിപിഎം വർഗീയ ധ്രുവീകരണം നടത്തിയെന്നും ആ മുഖംമൂടിയാണ് കാഫിർ സ്ക്രീൻ ഷോട്ടിലൂടെ പുറത്തുവന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രതികരിച്ചു. അതേസമയം, ജിതിൻ ബാസ്കരനായി എസ്ഐടി ഉടൻ കസ്റ്റഡി അപേക്ഷ നൽകും. സ്ക്രീൻ ഷോട്ട് നിർമ്മിച്ചവരേയും നിർദേശം നൽകിയവരേയും കണ്ടെത്താൻ ചോദ്യം ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam