കൊച്ചി നഗരത്തിൽ രാത്രികാലങ്ങളിൽ ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന ബൈക്ക് അഭ്യാസികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി ശക്തമാക്കി. ആർടിഒ എൻഫോഴ്‌സ്‌മെന്റ് നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി വാഹനങ്ങൾ പിടികൂടുകയും 2.20 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. രൂപമാറ്റം വരുത്തിയ സൈലൻസറുകൾ ഉൾപ്പെടെയുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
കൊച്ചി: നഗരത്തിലും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ ശബ്ദ മലിനീകരണവും ജനങ്ങളിൽ ഭീതിയും സൃഷ്ടിക്കുന്ന ബൈക്ക് അഭ്യാസികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് (എംവിഡി) ശക്തമായ നടപടി സ്വീകരിച്ചു. ആർടിഒ എൻഫോഴ്‌സ്‌മെന്റിന്റെ രാത്രികാല മിന്നൽ പരിശോധനയിൽ നിരവധി വാഹനങ്ങൾ പിടിച്ചെടുക്കുകയും 2.20 ലക്ഷം രൂപയിലേറെ പിഴ ചുമത്തുകയും ചെയ്തു.
അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞ് ജൂലായ് 31ന് രാത്രി ആരംഭിച്ച പരിശോധന പുലർച്ചെ അഞ്ച് മണി വരെ നീണ്ടു. കലൂർ സ്റ്റേഡിയം ലിങ്ക് റോഡ്, ചാത്യാത്ത്, ക്വീൻസ് വാക്ക്, മറൈൻ ഡ്രൈവ്, കടവന്ത്ര, പനമ്പിള്ളി നഗർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലായിരുന്നു പരിശോധന. പരിശോധിച്ച 80ഓളം വാഹനങ്ങളിൽ 35 എണ്ണത്തിൽ രൂപമാറ്റം വരുത്തിയ സൈലൻസറുകൾ കണ്ടെത്തി. കൂടാതെ 20 വാഹനങ്ങളിൽ മറ്റ് ഗുരുതര നിയമലംഘനങ്ങളും കണ്ടെത്തിയതായി എൻഫോഴ്‌സ്‌മെന്റ് വിഭാഗം അറിയിച്ചു.
നിയമലംഘനം നടത്തിയ വാഹന ഉടമകൾക്കെതിരെ ഇ-ചെലാൻ വഴി ആകെ 2,20,500 രൂപ പിഴ ചുമത്തി. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർടിഒ ബിജു ഐസക് അറിയിച്ചു.


