8 വിദ്യാർഥികളുടെ ജീവനെടുത്ത കയ്പ്പമംഗലം അപകടം: ജില്ലയിലെ ദേശീയപാതകളിൽ സംയുക്ത പരിശോധനയ്ക്ക് കളക്ടറുടെ നിർദ്ദേശം; റിപ്പോർട്ട് ബുധനാഴ്ച നൽകണം

Published : Sep 05, 2026, 07:32 PM IST
accident

Synopsis

കയ്പ്പമംഗലത്ത് 8 വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെ തൃശൂർ ജില്ലാ കളക്ടർ ദേശീയപാതകളിൽ അടിയന്തര സംയുക്ത പരിശോധനയ്ക്ക് ഉത്തരവിട്ടു. റോഡ് പരിപാലനം, സുരക്ഷാ സംവിധാനങ്ങൾ, അനധികൃത പാർക്കിംഗ് എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും

തൃശൂർ: കയ്പ്പമംഗലത്തുണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ദേശീയപാതകളിൽ അടിയന്തരമായി സംയുക്ത പരിശോധന നടത്താൻ തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നിർദ്ദേശം നൽകി. എൻ എച്ച് എ ഐ പ്രോജക്ട് ഡയറക്ടർ, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പരിശോധന നടത്തുക. പരിശോധ നടത്തി ബുധനാഴ്ച വൈകിട്ടോടെ റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ നിർദേശം നൽകി. ഇന്ന് എട്ട് വിദ്യാർഥികളുടെ ജീവൻ പൊലിഞ്ഞ അപകടത്തിന് പിന്നാലെയാണ് ദേശീയപാതയിൽ അടിയന്തരമായി സംയുക്ത പരിശോധന നടത്താനടക്കം തീരുമാനമായത്.

സംയുക്ത പരിശോധന ഇപ്രകാരം

ദേശീയപാതകളിലെ റോഡ് പരിപാലനം, ഫുട്പാതുകൾ ശരിയായ നിരപ്പിലാണോ ഉള്ളത്, റോഡിലെ കുഴികൾ ഉണ്ടോ, വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ, സർവീസ് റോഡുകളിൽ കൃത്യമായ വെളിച്ചവും ലൈറ്റിംഗും ഉണ്ടോ, പ്രതിഫലിക്കുന്ന സൂചനാ ബോർഡുകൾ ഉണ്ടോ, നിർമാണ സാമഗ്രികൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നുണ്ടോ, അനധികൃത പാർക്കിംഗ്, കൃത്യമായ ബാരിക്കേഡിംഗ്, ആവശ്യത്തിന് ട്രാഫിക് വാർഡൻമാരുടെ സേവനം എന്നിവ സംഘം പരിശോധിക്കും. ഇതിനുപുറമേ നിർമാണങ്ങളുടെ സ്ട്രക്ചറൽ സ്റ്റെബിലിറ്റി, സ്കൂൾ വിദ്യാർത്ഥികൾക്ക് റോഡ് മുറിച്ചു കടക്കാനുള്ള സുരക്ഷാ സംവിധാനങ്ങൾ, കാൽനടയാത്രക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവയും വിലയിരുത്തും. മോട്ടോർ വാഹന വകുപ്പിന്റെ (ആർ ടി ഒ) നേതൃത്വത്തിൽ പ്രത്യേക പരിശോധനയും ഇതിനൊപ്പം നടക്കും. കൂടാതെ, റോഡ് സുരക്ഷാ പരിശോധനകൾ നടത്തുവാൻ എല്ലാ തദ്ദേശ സ്വയഭരണ സ്ഥാപന സെക്രട്ടറിമാർക്കും നിർദ്ദേശം നൽകിയതായി എൽ എസ് ജി ഡി അറിയിച്ചു. അനധികൃത പാർക്കിംഗിനെതിരെ പോലീസും ആർ ടി ഒയും സ്പെഷ്യൽ ഡ്രൈവ് ശക്തമാക്കണമെന്നും ആവശ്യമെങ്കിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് നടപടിയെടുക്കണമെന്നും കളക്ടർ നിർദ്ദേശം നൽകി. കളക്ടറേറ്റ് വീഡിയോ കോണ്ഫെറൻസ് ഹാളിൽ നടന്ന യോഗത്തിൽ റൂറൽ പോലീസ് എസ് പി മുഹമ്മദ് നദീം, ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടർ കെ എസ് നസിയ, ഇരിങ്ങാലക്കുട ആർ ഡി ഒ പി ഷിബു, അസിസ്റ്റന്റ് കമ്മീഷണർ വിമൽ വി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

8 ജീവനെടുത്ത അപകടം

തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ അർധരാത്രി എട്ട് പേർക്കാണ് ജീവൻ നഷ്ടമായത്. മരണപ്പെട്ട എട്ടുപേരും വിദ്യാർത്ഥികളാണ്. വിനോദയാത്രയ്ക്കായി കേരളത്തിൽ എത്തിയ ദിണ്ടിഗലിലെ പി എസ് എൻ എ എഞ്ചിനീറിങ് കോളേജ് വിദ്യാർത്ഥികൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഈ അപകടം നടന്നതിന്റെ 100 മീറ്റർ അകലെയാണ് നടൻ കൊല്ലം സുധി കൊല്ലപ്പെട്ട അപകടം ഉണ്ടായത്. മതിയായ സൂചന ബോർഡുകൾ സ്ഥാപിക്കാതിരുന്നത് അന്ന് തന്നെ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കയ്പ്പമംഗലം വാഹനാപകടം; പൊലീസ്-മോട്ടോർ വാഹന വകുപ്പുകളുടെ അന്വേഷണം തുടങ്ങി
പിവി അബ്‌ദുൾ വഹാബ് എംപിയുടെ ഡ്രൈവറെയും കുടുംബത്തെയും ആക്രമിച്ച കേസ്: രണ്ടാം പ്രതി ചിക്ക്‌മംഗളൂരുവിൽ പിടിയിൽ