കയ്പ്പമംഗലത്ത് എട്ട് വിദ്യാർത്ഥികൾ മരിച്ച വാഹനാപകടം; പൊലീസ്-മോട്ടോർ വാഹന വകുപ്പുകളുടെ അന്വേഷണം തുടങ്ങി

Published : Sep 05, 2026, 07:24 PM ISTUpdated : Sep 05, 2026, 07:36 PM IST
Accident Death

Synopsis

ദേശീയപാത അതോറിറ്റിയുടെയും കരാർ കമ്പനിയുടെയും ഭാഗത്ത് വീഴ്ച ഉണ്ടോ എന്ന് പരിശോധിക്കും. നടുറോഡിൽ അനധികൃതമായി ചരക്ക് ലോറി നിർത്തിയിട്ട ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

തൃശ്ശൂർ: കയ്പ്പമംഗലത്ത് ദേശീയപാതയിൽ എട്ട് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പൊലീസ്-മോട്ടോർ വാഹന വകുപ്പുകളുടെ അന്വേഷണം തുടങ്ങി. ദേശീയപാത അതോറിറ്റിയുടെയും കരാർ കമ്പനിയുടെയും ഭാഗത്ത് വീഴ്ച ഉണ്ടോ എന്ന് പരിശോധിക്കും. അതേസമയം, നടുറോഡിൽ അനധികൃതമായി ചരക്ക് ലോറി നിർത്തിയിട്ട ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിനിടെ ദേശീയപാതയിൽ മതിയായ സുരക്ഷാസംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന നാട്ടുകാരുടെ ആക്ഷേപം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തള്ളി.

ഇന്നലെ രാത്രി 11.42നായിരുന്നു അപകടം. കൈപ്പമംഗലം പനമ്പിക്കുന്ന് സെന്ററിലെ മേൽപ്പാലം കടന്നെത്തിയ കാറ് റോഡിൽ നിർത്തിയിട്ടിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷൻ ചരക്ക് ലോറിയിൽ ഇടിച്ചുകയറുകയായിരുന്നു. ദിണ്ടിഗൽ പിഎസ്എന്‍ എ എഞ്ചിനിയറിങ് കോളജിലെ വിദ്യാർത്ഥികളാണ് മരിച്ച എട്ട് പേരും. ലോറി ഡ്രൈവറുടെയും ദേശീയപാത അധികൃതരുടെയും ഗുരുതരമായ അനാസ്ഥയാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പാലം ഇറങ്ങി സർവീസ് റോഡ് വഴിയാണ് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകേണ്ടിയിരുന്നത്. പാലം ഇറങ്ങുമ്പോൾ തന്നെ സർവീസ് റോഡിലേക്ക് നയിക്കുന്ന ഡിവൈഡറുകൾ ഉണ്ടായിരുന്നില്ല. ഡൈവർഷൻ സൂചിപ്പിക്കുന്ന സൂചന ബോർഡുകളും സ്ഥലത്തില്ല. ഇതുമൂലമാണ് കാർ ഗതാഗത നിരോധനം ഏർപ്പെടുത്തിയിരുന്ന പാതയിലേക്ക് വേഗതയിൽ പ്രവേശിച്ച് അപകടത്തിനിടയാക്കിയത് എന്നാണ് നാട്ടുകാരുടെ ആക്ഷേപം. എന്നാൽ വിദ്യാർത്ഥികൾ സഞ്ചരിച്ച കാറിന്റെ അമിത വേഗതയാണ് അപകടകാരണമെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. അനധികൃതമായി ലോറി വഴിയിൽ നിർത്തിയിട്ടതും അപകടത്തിന് കാരണമായി. സുരക്ഷ സംവിധാനങ്ങൾ സ്ഥലത്തുണ്ടായിരുന്നു എന്നും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വിശദീകരിക്കുന്നു.

ദേശീയപാത അതോറിറ്റിയുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് കെ സി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. ഇന്നലെ അപകടം നടന്നതിന്റെ 100 മീറ്റർ അകലെയാണ് നടൻ കൊല്ലം സുധി കൊല്ലപ്പെട്ട അപകടം ഉണ്ടായത്. മതിയായ സൂചന ബോർഡുകൾ സ്ഥാപിക്കാതിരുന്നത് അന്ന് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. രണ്ട് ദിവസം മുമ്പും ഈ പ്രദേശത്ത് ബൈക്ക് യാത്രികൻ റോഡരികിൽ കൂട്ടിയിട്ട കട്ടകളിൽ ഇടിച്ചുമറിഞ്ഞ് മരിച്ചിരുന്നു. സുരക്ഷാക്രമീകരണങ്ങൾ ഇല്ലാതെ ദേശീയപാത നിർമ്മാണം നടത്തുന്നതിന്‍റെ ഇരകളാണ് മരിച്ച 8 യുവാക്കൾ എന്നും നാട്ടുകാർ ആരോപിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലോൺ തട്ടിപ്പ്; ഇരയായവരുടെ വീട്ടിൽ ജപ്തി നടപടിയുമായി ബാങ്ക് അധികൃതർ, നാട്ടുകാർ തടഞ്ഞതോടെ മടങ്ങി
8 വിദ്യാർഥികളുടെ ജീവനെടുത്ത കയ്പ്പമംഗലം അപകടം: ജില്ലയിലെ ദേശീയപാതകളിൽ സംയുക്ത പരിശോധനയ്ക്ക് കളക്ടറുടെ നിർദ്ദേശം; റിപ്പോർട്ട് ബുധനാഴ്ച നൽകണം