
കോഴിക്കോട്: മലയാളികളായ ഏറെപ്പേർക്ക് ഉമ്മൻചാണ്ടിയെക്കുറിച്ച് പറയാനുള്ളൊരനുഭവം പോലൊന്നാണ് കൈതപ്രത്തിനും പറയാനുള്ളത്. ജീവിതത്തിൽ ഏറ്റവും നിസഹായനായിപ്പോയ സമയത്തെ കൈത്താങ്ങിനെക്കുറിച്ചാണ് കൈതപ്രം പറയുന്നത്. ഒപ്പമുണ്ടെന്നൊരാശ്വാസം, അതും അങ്ങനെയൊരാത്മബന്ധം അതിനുമുമ്പില്ലാതിരുന്നിട്ട് പോലും.
പത്ത് പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പാണ് സംഭവം. സ്ട്രോക്ക് വന്ന് കൈതപ്രം ആശുപത്രിയിൽ ചികിത്സ തേടുന്ന കാലമായിരുന്നു അന്ന്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കൈതപ്രം ഉമ്മൻചാണ്ടിയെ വിളിക്കുന്നു. കൈതപ്രത്തിന് പരിചയമുണ്ടായിരുന്നു ഉമ്മൻചാണ്ടിയെ. ഡോക്ടർമാർക്ക് ചികിത്സക്കായി കൈതപ്രത്തെ വെല്ലൂരും കൊണ്ടുപോകാനുണ്ടായിരുന്നു. ആ സാഹചര്യത്തിലാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ വിളിക്കുന്നത്. വിളിച്ചയുടനെ തന്നെ മറുപടിയും ലഭിച്ചു. കൂടാതെ വെല്ലൂരിലെ ഡോക്ടർക്കും ഉമ്മൻചാണ്ടിയുടെ സന്ദേശം ലഭിച്ചു.
കേരളത്തിന് വേണ്ടപ്പെട്ട കലാകാരനാണ്, കവിയാണ്. അദ്ദേഹത്തിന് വേണ്ടതെല്ലാം ചെയ്യണം. എന്നായിരുന്നു ആ സന്ദേശം. ചികിത്സയുടെ ഭാഗമായി തിരിച്ചു പോരുമ്പോൾ സാമ്പത്തിക പ്രതിസന്ധി വന്നു. അപ്പോഴും കൈതപ്രം ഉമ്മൻചാണ്ടിയെ അറിയിച്ചു. അന്നത്തെ മന്ത്രിസഭാ യോഗത്തിൽ അഞ്ചു ലക്ഷം രൂപ ചികിത്സക്കായി അനുവദിച്ചു. പത്രത്തിലൂടെയാണ് അതറിഞ്ഞതെന്ന് കൈതപ്രം പറയുന്നു.
എന്നാൽ ആ ബന്ധം അവിടെ അവസാനിച്ചില്ല. അസുഖം ഭേദമായി വീട്ടിലെത്തിയപ്പോൾ പരിവാരങ്ങളാരുമൊപ്പമില്ലാതെ ഒരു കുശലാന്വേഷണത്തിന് മാത്രമായി കൈതപ്രത്തിന്റ കാരുണ്യമെന്ന വീട്ടിലേക്ക് ഉമ്മൻചാണ്ടി എത്തിയിരുന്നു.
ഒറ്റയ്ക്ക് വീട്ടിലേക്ക് വന്ന് കയറിയപ്പോഴാണ് വീട്ടുകാർ പോലും അറിയുന്നത്. കൂടെ ആരുമില്ലാതെ ഒറ്റക്ക് വീട്ടിലേക്ക് കയറി വന്ന ഉമ്മൻചാണ്ടിയെ കണ്ടപ്പോൾ അത്ഭുതപ്പെട്ടുപോയെന്നും കൈതപ്രം പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam