
തിരുവനന്തപുരം: ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരന്റെ കൈതോലപ്പായ വെളിപ്പെടുത്തലിൽ പൊലീസ് അന്വേഷണം നടത്തും. ബെന്നി ബഹന്നാൻ എംപിയുടെ പരാതിയിലാണ് നീക്കം. കന്റോൺമെന്റ് എസിപിക്കാണ് അന്വേഷണ ചുമതല. സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തുന്നുവെന്ന കെ സുധാകരന്റെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് സൈബർ പൊലീസ് ഡിവൈഎസ്പിക്ക് നൽകി. രണ്ടിലും പ്രാഥമിക അന്വേഷണം മാത്രമാണ് ആദ്യ ഘട്ടത്തിൽ നടത്തുക. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ മാത്രമേ വിശദമായ അന്വേഷണത്തിലേക്ക് പോകൂ. കൈതോലപ്പായ പണം കടത്ത് പരാതിയിൽ ജി ശക്തിധരന്റെയും ബെന്നി ബഹന്നാന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തും.
സർക്കാറിൻറെയും സിപിഎമ്മിൻറെയും പല നടപടികളും ചോദ്യം ചെയ്യുന്ന ജി ശക്തിധരൻ തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്കുള്ള മറുപടി എന്ന നിലക്കിട്ട പോസ്സാണ് വൻ വിവാദമായത്. കൊച്ചി കലൂരിലെ തൻറെ ഓഫീസിലെ മുറിയിൽ വെച്ച് ഉന്നതനായ നേതാവിനെ പണം എണ്ണാൻ താൻ സഹായിച്ചുവെന്നാണ് വെളിപ്പെടുത്തൽ. വൻ തോക്കുകളിൽ നിന്നും ഈ നേതാവ് വാങ്ങിയ പണമാണ് എണ്ണിയതെന്നും 20035000 രൂപയാണുണ്ടായിരുന്നതെന്നുമാണ് വെളിപ്പെടുത്തിയത്. ഓഫീസിലായിരുന്നു അന്ന് ഈ നേതാവ് താമസിച്ചതെന്നും കൈതൊലപ്പായയിൽ പൊതിഞ്ഞാണ് ഈ പണം കൊണ്ട് പോയതെന്നും ശക്തിധരൻ ഫെയ്സ്ബുക്കിൽ എഴുതി. നിലവിലെ ഒരു മന്ത്രിയുടെ കാറിലായിരുന്നു ഈ പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നാണ് ശക്തിധരൻറെ ആരോപണം. തിരുവനന്തപുരം മുതൽ ടൈം സ്ക്വയർവരെ പ്രശസ്തനായ നേതാവാണിതെന്നാണ് ആക്ഷേപം. ഒരിക്കൽ കോവളത്ത് വെച്ച് ഈ നേതാവിന് ഒരു കോടീശ്വരൻ രണ്ട് കവറിലായി പണം കൈമാറിയെന്നും ആരോപണമുണ്ട്. ഇതിൽ ഒരു കവർ പാർട്ടി സെൻററിൽ ഏൽപ്പിച്ചെന്നും മറ്റൊരു കവർ നേതാവ് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയെന്നും ശക്തിധരൻ പറഞ്ഞിരുന്നു. ആരോപണം ഏറ്റെടുത്ത കോൺഗ്രസ്, നിരന്തരം വിഷയം ഉന്നയിച്ചു. പിന്നാലെ ബെന്നി ബെഹന്നാൻ പരാതി നൽകുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam