
കൊച്ചി: ലഹരിക്കെതിരെ 'ഓപ്പറേഷൻ തുഫാൻ' ശക്തമായതോടെ കാക്കനാട് ജില്ലാ ജയിലിൽ തടവുകാരുടെ എണ്ണം കുത്തനെ ഉയർന്നു. 87 പേരെ മാത്രം പാർപ്പിക്കാനുള്ള സൗകര്യമുള്ള ജയിലിൽ നിലവിൽ 215 തടവുകാരാണുള്ളത്. ഇവരിൽ മൂന്നിലൊന്നോളം പേർ ലഹരിക്കേസുകളിൽ റിമാൻഡിലായവരാണ്. തടവുകാരുടെ എണ്ണം വർധിച്ചതോടെ പല ലോക്കപ്പ് മുറികളിലും കിടക്കാൻ പോലും മതിയായ സ്ഥലമില്ലാത്ത സാഹചര്യമാണുള്ളത്. ഒൻപത് വലിയ ലോക്കപ്പ് മുറികളും അഞ്ച് ചെറിയ ലോക്കപ്പ് മുറികളും നാല് സിംഗിൾ ലോക്കപ്പ് മുറികളുമാണ് ജയിലിലുള്ളത്. ഫാനുകൾ ഉണ്ടായിട്ടും തിരക്ക് കാരണം തടവുകാർ കടുത്ത ബുദ്ധിമുട്ടിലാണ്. ജില്ലാ ജയിലിന്‍റെ ആകെ ശേഷി 87 പുരുഷന്മാർ, ആറ് ട്രാൻസ്‌ജെൻഡർ വിഭാഗക്കാർ, 11 വനിതകൾ എന്നിങ്ങനെയാണ്. എന്നാൽ വനിതാ ജയിലിലും ശേഷിയേക്കാൾ കൂടുതൽ പേരാണ് കഴിയുന്നത്. ഭൂരിഭാഗം പേരും റിമാൻഡ് തടവുകാരാണ്. ചെറിയ ശിക്ഷ ലഭിച്ച ഏതാനും പേരും ഇവർക്കൊപ്പമുണ്ട്.
സാധാരണയായി തടവുകാരുടെ എണ്ണം കൂടുമ്പോൾ സമീപ ജില്ലകളിലെ ജയിലുകളിലേക്ക് മാറ്റാറുണ്ടെങ്കിലും അവിടെയും തിരക്ക് വർധിച്ചതിനാൽ അതും പ്രായോഗികമല്ലാതായിട്ടുണ്ട്. ഇതോടെ സുരക്ഷാ വെല്ലുവിളികളും ഉയരുന്നുണ്ട്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. 18 മുതൽ 21 വയസ്സ് വരെയുള്ള തടവുകാരെ ജില്ലാ ജയിലിൽ പാർപ്പിക്കാതെ സമീപത്തെ ബോസ്റ്റൽ സ്കൂളിലേക്കാണ് മാറ്റുന്നത്. ഇല്ലെങ്കിൽ നിലവിലെ തിരക്ക് ഇതിലും കൂടുതലാകുമായിരുന്നു.
2014ലെ ജയിൽ ചട്ടപ്രകാരം ഒരു തടവുകാരന് 3.72 ചതുരശ്ര മീറ്റർ സ്ഥലം ലഭിക്കണം. എന്നാൽ കാക്കനാട് ജില്ലാ ജയിലിലെ എല്ലാ തടവുമുറികളുടെയും ആകെ വിസ്തൃതി 324 ചതുരശ്ര മീറ്റർ മാത്രമാണ്. 758 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കഴിയേണ്ട തടവുകാരെയാണ് നിലവിൽ അതിന്‍റെ പകുതിയോളം മാത്രം വിസ്തൃതിയുള്ള മുറികളിൽ പാർപ്പിച്ചിരിക്കുന്നത്. പല റിമാൻഡ് തടവുകാരും മൂന്നോ നാലോ ആഴ്ചയ്ക്കകം പുറത്തിറങ്ങുന്നുണ്ടെങ്കിലും അതിനേക്കാൾ കൂടുതൽ പേർ പുതുതായി റിമാൻഡിലായി എത്തുന്നതാണ് തിരക്ക് കുറയാത്തതിന്‍റെ പ്രധാന കാരണമെന്ന് ജയിൽ അധികൃതർ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam