
കൊച്ചി: കാലടി സർവ്വകലാശാലയിലെ ഫിലോസഫി അസിസ്റ്റന്റ് പ്രൊഫസർ തസ്തിക നിയമനവും വിവാദത്തിൽ. മുസ്ലിം സംവരണം അട്ടിമറിച്ച് ലീവ് വേക്കൻസിയിൽ ജോലി ചെയ്തിരുന്ന അധ്യാപികയെ സ്ഥിരപ്പെടുത്തിയെന്നാണ് പരാതി. ഉദ്യോഗാർഥി നൽകിയ ഹർജിയിൽ സർവ്വകലാശാലയുടെ നടപടി ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു.
മുസ്ലിം സംവരണ വിഭാഗത്തിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിനിത കണിച്ചേരിയുടെ നിയമനം വിവാദമായതിന് പിന്നാലെയാണ് മറ്റൊരു മുസ്ലിം സംവരണ നിയമനവും നിയമ കുരുക്കിലാകുന്നത്. 2012 മുതൽ ഫിലോസഫി ഡിപ്പാർട്ട്മെന്‍റിൽ ലീവ് വേക്കൻസിയിൽ ജോലി ചെയ്യുന്ന അധ്യാപികയെ 2019 ലെ മുസ്ലിം സംവരണ ഒഴിവിൽ സ്ഥിരപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. എട്ട് വർഷമായി ലീവ് വേക്കൻസിയിൽ ജോലി ചെയ്യുകയാണെന്നും ഇനി സ്ഥിരപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അധ്യാപിക ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആദ്യം ഹർജി തള്ളിയെങ്കിലും പുന:പരിശോധനയിൽ സർവകലാശാലയ്ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് വിധി വന്നു.
സിന്‍ഡിക്കേറ്റ് യോഗം ചേർന്ന് അധ്യാപികയെ സ്ഥിരപ്പെടുത്തിയത് 2019 ലെ മുസ്ലിം സംവരണം അട്ടിമറിച്ചാണെന്നാണ് പരാതി. കോടതി വിധി തെറ്റായി വ്യാഖാനിച്ചുകൊണ്ടുള്ള സിന്‍ഡിക്കേറ്റ് നടപടി ചോദ്യം ചെയ്തുകൊണ്ട് ഉദ്യോഗാർഥി ഡോ. താരിഖ് ഹുസൈൻ ഹൈക്കോടതിയിൽ ഹർജി നൽകി. തുടർന്ന് അന്തിമ വിധി വരുന്നത് വരെ അധ്യാപികയെ സ്ഥിരപ്പെടുത്തിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സംവരണ ചാർട്ട് പ്രകാരം ഇത് മുസ്ലിം സമുദായത്തിന് അവകാശപ്പെട്ട തസ്തികയാണെന്ന് ഡോ. താരിഖ് ഹുസൈൻ, ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുസ്ലിം സംവരണം അട്ടിമറിച്ചല്ല അധ്യാപികയെ സ്ഥിരപ്പെടുത്തിയതെന്നും കോടതി വിധി നടപ്പിലാക്കിയതാണെന്നും വൈസ് ചാൻസലർ ധർമരാജ് അടാട്ട് വ്യക്തമാക്കി.
വിസിയുടെ വാദങ്ങളെ പൊളിക്കുന്നതാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച ഈ വിവരാവകാശ രേഖ. 2019 ലെ ഫിലോസഫി ഡിപ്പോർട്ട്മെന്റ് അസി. പ്രൊഫ തസ്തികയിലേക്കുള്ള നിയമനം റോസ്റ്റർ പ്രകാരം മുസ്ലിം സംവരണമാണെന്ന് രേഖയിലൂടെ വ്യക്തമാകുന്നു. എന്നാൽ വിവാദത്തിൽ തനിക് പങ്കില്ലെന്നാണ് അധ്യാപികയുടെ പ്രതികരണം. മുസ്ലിം സംവരണം അട്ടിമറിച്ചു കൊണ്ട് ജോലിയിൽ സ്ഥിരപ്പെടാൻ ശ്രമിച്ചിട്ടില്ല. ആരോപണങ്ങൾ നിയമപരമായി നേരിടുമെന്നും അധ്യാപിക പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam