
കൊച്ചി: യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ കളമശേരിയിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ സാക്ഷി പറഞ്ഞ വ്യക്തിക്കെതിരെ ഭീഷണി. മലേഷ്യയിൽ നിന്നാണ് ഫോൺ കോളായി ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ കൊച്ചി കളമശേരി പൊലീസ് കേസെടുത്തു. യഹോവ സാക്ഷികൾ വിശ്വാസി സമൂഹത്തിൽ പെട്ട ശ്രീകുമാർ എന്ന വ്യക്തിക്ക് നേരെയാണ് ഭീഷണി. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് ഭീഷണി സന്ദേശമെത്തിയത്. സാക്ഷി പറയരുതെന്നാണ് ശ്രീകുമാറിന് ലഭിച്ച ഫോൺ കോളിൽ ആവശ്യപ്പെട്ടത്.
കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ 2023 ഒക്ടോബർ 29 നായിരുന്നു യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ എട്ട് പേരുടെ ജീവനെടുത്ത സ്ഫോടനം നടന്നത്. തമ്മനം സ്വദേശി മാർട്ടിൻ ഡൊമിനികാണ് കേസിലെ ഏക പ്രതിയെന്നാണ് പൊലീസിൻ്റെ കുറ്റപത്രം പറയുന്നത്. യഹോവ സാക്ഷികൾ വിശ്വാസി സമൂഹത്തോടുള്ള കടുത്ത വിദ്വേഷമാണ് സ്ഫോടനം നടത്താൻ പ്രേരണയായതെന്നാണ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്.
യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍റെ അവസാന ദിവസമായിരുന്നു സ്ഫോടനം. രാവിലെ 9.30 ഓടെയാണ് സമ്മേളന ഹാളിനകത്ത് ആദ്യ സ്ഫോടനം നടന്നത്. ഈ സമയത്ത് ഹാളില്‍ 2500 ലധികം ആളുകളുണ്ടായിരുന്നു. തുടര്‍ച്ചയായി രണ്ട് സ്ഫോടനങ്ങള്‍ കൂടി നടന്നു. തീ ആളുകളിലേക്ക് ആളി പടർന്ന് പൊള്ളലേറ്റാണ് എട്ട് പേരും മരിച്ചത്. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ അതിനാടകീയമായി ഡൊമിനിക് മാർട്ടിൻ സോഷ്യൽ മീഡിയ വഴി വീഡിയോ പങ്കുവെച്ച ശേഷം സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam