കൊവിഡ് രോഗിയുടെ മരണം: ആരോപണങ്ങൾ തള്ളി കളമശ്ശേരി മെഡി. കോളേജ്, ഡോ.നജ്മയോട് വിശദീകരണം തേടും

By Web TeamFirst Published Oct 20, 2020, 6:24 PM IST
Highlights

കളമശ്ശേരി മെഡിക്കൽ കോളേജിൽ ഇത് വരെ നടന്നത് മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ്. ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയാണ് ഡോ.നജ്മയെന്നും വൈസ് പ്രിൻസിപ്പൾ

കൊച്ചി:  ചികിത്സയിലും പരിചരണത്തിലുമുണ്ടായ പിഴവ് പോലും ഗുരുതരാവസ്ഥയിലായിരുന്ന കൊവിഡ് രോഗി മരണപ്പെട്ടെന്ന ആരോപണം തള്ളി കളമശ്ശേരി മെഡിക്കൽ കോളേജ് അധികൃതർ. ഇപ്പോൾ നടക്കുന്നത് തീർത്തും വ്യാജപ്രചരണങ്ങളാണെന്നും ആശുപത്രിയെ തകർക്കാനുള്ള സംഘടിത ശ്രമമാണിതെന്നും കളമശ്ശേരി മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൾ ഡോ.ഫതഹുദീൻ മാധ്യമങ്ങളോട് പറഞ്ഞു. 

കളമശ്ശേരി മെഡിക്കൽ കോളേജിൽ ഇത് വരെ നടന്നത് മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ്. ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയാണ് ഡോ.നജ്മ. വോയ്സ് ക്ലിപ്പ് പുറത്തു വിട്ടുവെന്ന് പറയുന്ന നഴ്സിംഗ് ഓഫീസർ ജലജ ഒരിക്കൽ പോലും പിപിഇ കിറ്റ് ധരിച്ച് ഐസിയുവിൽ പ്രവേശിച്ചിട്ടുമില്ല. 

അശ്രദ്ധ മൂലം മരണപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന ഹാരിസ് ആശുപത്രിയിലെത്തുമ്പോൾ തന്നെ ഗുരുതരാവസ്ഥയിലായിരുന്നു. അമിത ഭാരമുള്ള ആളായിരുന്നു ഹാരിസ്. കടുത്ത പ്രമേഹ രോഗിയുമായിരുന്നു. കടുത്ത ന്യൂമോണിയ ബാധിച്ച ഇയാൾ പിന്നീട് ഹൃദയ ആഘാതത്തിലാണ് മരിച്ചത്.കളമശ്ശേരി മെഡിക്കൽ കോളേജിൽ 24 ദിവസം ഇദ്ദേഹത്തെ ചികിത്സയിലുണ്ടായിരുന്നു. 

വിവാദമായ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട നഴ്സിംഗ് ഓഫീസർ ജലജ കോട്ടയത്ത് നിന്നും സമീപകാലത്താണ് ട്രാൻസ്ഫറായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് വന്നത്. ഒരിക്കലും പോലും ഇവർ ഐസിയുവിലേക്ക് വന്നിട്ടില്ല. ഇന്ന് മാധ്യമങ്ങളെ കണ്ട ഡോ.നജ്മ വളരെ ജൂനിയറായ ഡോക്ടറാണ്. ഇത്തരമൊരു വീഴ്ചയുണ്ടായ വിവരം അവർ മേലധികരികളെ അറിയിച്ചിട്ടില്ല. ഇത്രയും ഗുരുതരമായ വീഴ്ചയുണ്ടായെങ്കിൽ എന്തുകൊണ്ടവർ ആ കാര്യം മറച്ചു വച്ചെന്നും വൈസ് പ്രിൻസിപ്പൽ ചോദിക്കുന്നു. 

അമിത വണ്ണം ഉള്ളവരിൽ ഉപയോഗിക്കുന്ന ശ്വസന സഹായിയാണ് ഹാരിസിൻ്റെ ബന്ധുക്കളോട് വാങ്ങാൻ ആവശ്യപ്പെട്ടത്. ഹാരിസിന് കൂർക്കം വാലിയിൽ ഓക്സിജൻ താഴ്ന്നു പോകുന്ന പ്രശ്നം ഉണ്ടായിരുന്നു. അതിനാലാണ് ഈ ഉപകരണം വാങ്ങാൻ ബന്ധുക്കളോട് പറഞ്ഞത്. സംഭവത്തിൽ ഡോ.നജ്മയോട് വിശദീകരണം ചോദിക്കുമെന്ന് വ്യക്തമാക്കിയ വൈസ് പ്രിൻസിപ്പൽ ഈ സമയത്തെല്ലാം ജലജ അവധിയിലായിരുന്നുവെന്നും പറഞ്ഞു. 

ജീവനക്കാരുടെ സൂം മീറ്റിംഗിൽ വരാൻ അവരോട് അവശ്യപ്പെട്ടിട്ടില്ല. ഈ സൂം മീറ്റിംഗിൻറെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കുമെന്നും ഡോ. ഫതഹുദീൻ മാധ്യമങ്ങളോട് പറഞ്ഞു. മറ്റുള്ളവർ ജാഗ്രതയിൽ ഇരിക്കാൻ താൻ കുറച്ചു കാര്യങ്ങൾ കൂട്ടി പറഞ്ഞതെന്നാണ് ജലജ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് നൽകിയ വിശദീകരണത്തിൽ പറയുന്നത്. 
 

click me!