
മലപ്പുറം/ കവളപ്പാറ: ജീവനും ജീവിതവും ഉരുളെടുത്ത് ഒരു നാടുതന്നെ ഇല്ലാതായിപ്പോയ കാഴ്ചയാണ് കവളപ്പാറയിൽ. ഒരുമല അപ്പാടെ ഇടിഞ്ഞമര്‍ന്ന് ഒഴുകിയെത്തിയപ്പോൾ എന്താണ് സംഭവിച്ചതെന്ന് വിവരിക്കാൻ പോലും കഴിയാത്ത അവസ്ഥ. ഏറെ വൈകിയെങ്കിലും പരിമിതികളെല്ലാം അതിജീവിച്ച് രക്ഷാപ്രവര്‍ത്തനം തുടരുമ്പോൾ മണിക്കൂറുകളുടെ ഇടവേളയിൽ മരണസംഖ്യ ഉയരുകയാണ്. എല്ലാമില്ലാതായി പോയപ്പോൾ കവളപ്പാറയിൽ അവശേഷിക്കുന്നത് ഇപ്പോൾ കുറെ പേരുകൾ മാത്രമാണ്. ഒഴുകി മണ്ണിനടിയിലായ വീടുകളും അവയ്ക്കുള്ളിൽ ഉണ്ടായിരിക്കുമായിരുന്ന മനുഷ്യരേയും ഓര്‍ത്തെടുത്ത് എണ്ണിക്കണക്കാക്കി പേരെഴുതിവച്ച് തെരച്ചിൽ നടത്തേണ്ട ഗതികേടിലാണ് ദുരന്തത്തിൽ ജീവനോടെ അവശേഷിച്ച നാട്ടുകാരും മണ്ണടിഞ്ഞുപോയവരുടെ ബന്ധുക്കളും.
അത്തരമൊരു ലിസ്റ്റാണിത്. ഇതിലെഴുതിയ പേരുകാരെല്ലാം ദുരന്തത്തിന് ശേഷം കാണാതായവരാണ്. ഓടിരക്ഷപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലോ ബന്ധുവീടുകളിലോ ഒന്നും ഇതുവരെ എത്തിച്ചേരാത്തവര്‍. ഇവരിൽ ഓരോരുത്തരെയായി ഇപ്പോൾ രക്ഷാപ്രവര്‍ത്തകരുടെ സംഘം കണ്ടെടുക്കുന്നുണ്ട്. മണ്ണിനടിയിൽ അകപ്പെട്ടവരെ പുറത്തെടുക്കുമ്പോൾ പേരിന് നേരെ ഒരു അടയാളമിടും. എന്നിട്ട് ബാക്കിയുള്ളവരെ തെരഞ്ഞുപിടിക്കാനിറങ്ങും. ഇതാണിപ്പോൾ കവളപ്പാറയിൽ നടക്കുന്നത്.
ഇതുവരെ 23 പേരുടെ മൃതദേഹമാണ് കവളപ്പാറയിൽ നിന്ന് കണ്ടെത്തിയത്. മൂപ്പത്തിആറ് പേരെ കൂടി ഇനിയും കണ്ടെത്താനുണ്ടെന്നാണ് നാട്ടുകാരും അധികൃതരും ചേര്‍ന്ന് തയ്യാറാക്കിയ കണക്ക് .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam